മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്‌ക്ക് കൂറ്റൻ സ്‌കോർ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 208 റണ്‍സ് നേടി. ഹാർദിക് പാണ്ഡ്യ(71), കെഎൽ രാഹുൽ(55), സൂര്യകുമാർ യാദവ്(46) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോർ നേടിക്കൊടുത്തത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്കായി ഓപ്പണർമാരായ രോഹിത് ശർമയും കെഎൽ രാഹുലും തകർപ്പൻ അടികളുമായാണ് ഇന്നിങ്‌സ് ആരംഭിച്ചത്. എന്നാൽ രണ്ടാം ഓവറിൽ തന്നെ രോഹിത് ശർമയെ (11) ഇന്ത്യയ്‌ക്ക് നഷ്‌ടമായി. പിന്നാലെയെത്തിയ വിരാട് കോലി(2) നിരാശ സമ്മാനിച്ച് മടങ്ങി. ഇതോടെ ഇന്ത്യ തകർച്ച മുന്നിൽ കണ്ടുവെങ്കിലും രാഹുലും സൂര്യകുമാറും ചേർന്ന് സ്‌കോർ ഉയർത്തി.