അഹമ്മദാബാദ് : ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം നൽകി ഓപ്പണർമാരായ ട്രാവിസ് ഹെഡും, ഉസ്‌മാന്‍ ഖവാജയും. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നായകൻ സ്റ്റീവ് സ്‌മിത്തിന്‍റെ തീരുമാനത്തെ ശരിവയ്‌ക്കും വിധമാണ് ഇരുവരും ബാറ്റ് വീശുന്നത്.
നേരത്തെ ടോസ് നേടിയ ഓസീസ് നായകൻ സ്റ്റീവ് സ്‌മിത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തി ഓസ്‌ട്രേലിയ കളത്തിലിറങ്ങുമ്പോൾ ഒരു മാറ്റത്തോടെയാണ് ഇന്ത്യ എത്തുന്നത്. മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമി ടീമിൽ ഇടം നേടി.
മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തി. ഇരുവരും ചേർന്ന് മത്സരത്തിന്‍റെ ടോസ് ഇടുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ടോസിന് മുന്നോടിയായി പ്രശസ്‌ത ഗായിക ഫാൽഗുനി ഷായുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടികളും സ്റ്റേഡിയത്തിൽ അരങ്ങേറി.
തുടർന്ന് നരേന്ദ്ര മോദിയും ആന്‍റണി ആൽബനീസും ചേർന്ന് തുറന്ന വാഹനത്തിൽ കാണികളെ അഭിവാദ്യം ചെയ്‌തുകൊണ്ട് സ്റ്റേഡിയം വലംവച്ചു. ടോസിന് പിന്നാലെ ഇരു പ്രധാനമന്ത്രിമാരും സ്റ്റേഡിയത്തിലെത്തി താരങ്ങൾക്ക് ഹസ്‌തദാനം നൽകി. ഇന്നത്തെ മത്സരം കാണാൻ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ റെക്കോഡ് കാണികളാണ് എത്തിയിട്ടുള്ളത്.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ: അതേസമയം നാല് മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് മുന്നിൽ നിൽക്കുന്ന ഇന്ത്യക്ക് ഇന്നത്തെ മത്സരം വിജയിച്ചാലോ സമനിലയിലായാലോ പരമ്പര സ്വന്തമാക്കാൻ സാധിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ അവസരം നേടാൻ ഇന്ത്യക്ക് പരമ്പര വിജയം അനിവാര്യമാണ്. പരമ്പരയിൽ തോൽക്കുകയാണെങ്കിൽ ശ്രീലങ്ക- ന്യൂസിലൻഡ് മത്സരമാകും ഇന്ത്യയുടെ ഫൈനൽ സാധ്യത നിർണയിക്കുക.