അഹമ്മദാബാദ് : വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഫോമിലേക്ക് മടങ്ങിയെത്തിയെങ്കിലും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ റെഡ് ബോള്‍ ക്രിക്കറ്റിലെ പ്രകടനം ആശങ്കയായിരുന്നു. കാരണം ഇന്ത്യയുടെ റണ്‍ മെഷീനെന്ന് വിശേഷണമുള്ള കോലിക്ക് ക്രിക്കറ്റിന്‍റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ കഴിഞ്ഞ മൂന്നര വര്‍ഷക്കാലമായി മൂന്നക്കം തൊടാന്‍ കഴിഞ്ഞിരുന്നില്ല. എറെ നീണ്ട ഈ കാത്തിരിപ്പാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അഹമ്മദാബാദ് ടെസ്റ്റില്‍ അവസാനിപ്പിച്ചത്.
മത്സരത്തിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ 364 പന്തില്‍ 186 റണ്‍സാണ് 34കാരനായ കോലി നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ താരത്തിന്‍റെ 28ാമത്തേയും അന്താരാഷ്‌ട്ര തലത്തില്‍ 75ാമത്തേയും സെഞ്ചുറിയാണിത്. ഇതിന് മുന്നെ 2019 നവംബറില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു താരം ടെസ്റ്റില്‍ സെഞ്ചുറി നേടിയത്.
കൃത്യമായി പറഞ്ഞാല്‍ 1205 ദിവസങ്ങളാണ് വീണ്ടുമൊരു സെഞ്ചുറി നേടാന്‍ കോലിക്ക് വേണ്ടി വന്നത്. ഇക്കാലയളവില്‍ 41 ഇന്നിങ്‌സുകള്‍ കളിച്ചുവെങ്കിലും 79 റണ്‍സ് നേടിയതായിരുന്നു കോലിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ആഭ്യന്തര ക്രിക്കറ്റിലടക്കം റണ്ണടിച്ച് കൂട്ടിക്കൊണ്ട് ഒരു പിടി താരങ്ങള്‍ പുറത്തിരിക്കെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കോലിയുടെ സ്ഥാനവും ചോദ്യം ചെയ്യപ്പെട്ടിരുന്നു.
അഹമ്മദാബാദ് ടെസ്റ്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട കോലി ഈ വിമര്‍ശനങ്ങള്‍ക്ക് കൂടിയാണ് മറുപടി നല്‍കിയിരിക്കുന്നത്. ഈ പ്രകടനത്തിന് പിന്നാലെ മറ്റൊരാള്‍ ശരിയല്ലെന്ന് തെളിയിക്കേണ്ട കാര്യം തനിക്കില്ലെന്നും, ടീമിലെ തന്‍റെ സ്ഥാനം നീതീകരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നുമാണ് കോലി പ്രതികരിച്ചിരിക്കുന്നത്.
"സത്യസന്ധമായി പറയുകയാണെങ്കില്‍, ഒരു കളിക്കാരനെന്ന നിലയിൽ എന്നിൽ നിന്ന് എനിക്കുള്ള പ്രതീക്ഷകൾ വളരെ പ്രധാനപ്പെട്ടതാണ്. നാഗ്പൂരിലെ ആദ്യ ഇന്നിങ്‌സ് മുതല്‍ ഞാൻ നന്നായി ബാറ്റ് ചെയ്യുന്നതായി എനിക്ക് തോന്നിയിരുന്നു. ഞങ്ങൾ വളരെക്കാലം ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.