ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസീസിന്‍റ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ കാമറൂൺ ഗ്രീൻ കളിച്ചേക്കും. വിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ആദ്യ രണ്ട് ടെസ്റ്റുകള്‍ നഷ്‌ടമായ താരം ഫിറ്റാണെന്ന് പരിശീലകൻ ആൻഡ്രൂ മക്‌ഡൊണാൾഡ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിനിടെ ഗ്രീനിന്‍റെ വിരലിന് പൊട്ടലേറ്റിരുന്നു.
ഇതേതുടര്‍ന്ന് ശസ്ത്രക്രിയക്കും താരം വിധേയനായിരുന്നു. പേസര്‍ മിച്ചൽ സ്റ്റാർക്കും തിരിച്ചുവരവിന്‍റെ പാതയിലാണ്. എന്നാല്‍ പരിക്കിന്‍റെ പിടിയിലുള്ള പേസര്‍ ജോഷ് ഹേസൽവുഡ് പരമ്പരയില്‍ നിന്നും പുറത്തായതായും മക്‌ഡൊണാൾഡ് അറിയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മത്സരത്തിനിടെ കണങ്കാലിനേറ്റ പരിക്കാണ് 32കാരന് തിരിച്ചടിയായത്.
തുടര്‍ ചികിത്സയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഹേസൽവുഡ് സിഡ്‌നിയിലേക്ക് മടങ്ങുമെന്നും ഓസീസ് പരിശീലകന്‍ അറിയിച്ചിട്ടുണ്ട്. നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റിന് മുന്നെ തന്നെ പരിക്കില്‍ നിന്നും പൂര്‍ണമായും സുഖം പ്രാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് താരം പ്രതികരിച്ചിരുന്നു.
കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നാല് മത്സര പരമ്പരയില്‍ 2-0ത്തിന് മുന്നിലാണ്. നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനും ഓസീസിനെ കീഴടക്കിയ സംഘം ഡല്‍ഹിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ജയം പിടിച്ചത്. ഇതോടെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു.
പരമ്പരയില്‍ ബാക്കിയുള്ള മത്സരങ്ങള്‍ മാര്‍ച്ച് ഒന്നിന് ഇന്‍ഡോറിലും മാർച്ച് ഒമ്പതിന് അഹമ്മദാബദിലുമാണ് ആരംഭിക്കുക. ഈ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി പരമ്പരയില്‍ ഇന്ത്യയ്‌ക്ക് ഒപ്പമെത്താനും ഇനി സന്ദര്‍ശകരുടെ ശ്രമം. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരാണെങ്കിലും 2014ലാണ് ഓസീസ് ഇന്ത്യയ്‌ക്കെതിരെ അവസാനമായി ടെസ്റ്റ് പരമ്പര വിജയിച്ചത്.
അന്ന് സ്വന്തം മണ്ണില്‍ (2-0) ത്തിനായിരുന്നു ഓസീസിന്‍റെ വിജയം. 2004ന് ശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര നേടാനും സംഘത്തിന് കഴിഞ്ഞിട്ടില്ല. സ്വകാര്യ ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബവുമായി ബന്ധപ്പെട്ട സ്വകാര്യ ആവശ്യത്തിനാണ് കമ്മിന്‍സ് നാട്ടിലേക്ക് മടങ്ങിയത്.
ALSO READ:സ്വന്തം മണ്ണില്‍ ഇന്ത്യയെ തോൽപ്പിക്കുന്നത് ഏറെക്കുറെ അസാധ്യം; വമ്പന്‍ വാക്കുകളുമായി റമീസ് രാജ