മുംബൈ : ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞാടിയ ഓസീസ് സ്‌പിന്നര്‍മാരാണ് ഇന്ത്യയുടെ പരാജയം ഉറപ്പാക്കിയത്. ഇതിന് പിന്നാലെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.
സ്പിന്നിനെതിരായ ഇന്ത്യയുടെ പ്രകടനം വളരെ മോശമായെന്നാണ് ആകാശ് ചോപ്ര പറയുന്നത്. എതിര്‍ ടീം സ്പിന്നിനെതിരെ പ്രയാസപ്പെടുമ്പോള്‍ ഇപ്പോള്‍ ഇന്ത്യയുടെ സ്ഥിതിയും സമാനമാണെന്നും ചോപ്ര പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലിലാണ് ചോപ്ര ഇക്കാര്യം പറഞ്ഞത്.
"സ്പിന്നിനെതിരായ ഇന്ത്യയുടെ പ്രകടനം അങ്ങേയറ്റം മോശമായിരിക്കുന്നു. സ്‌പിന്നര്‍മാര്‍ക്കെതിരായ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനം ഇതുപോലെയാവുകയാണെങ്കില്‍, ടീമിന്‍റെ അവസ്ഥ കഷ്‌ടമാവും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എതിര്‍ ടീം സ്പിന്നിനെതിരെ പ്രയാസപ്പെടുമ്പോള്‍, ഇപ്പോള്‍ ഇന്ത്യയുടെ സ്ഥിതിയും സമാനമാണ്"- ആകാശ് ചോപ്ര പറഞ്ഞു.
2021 മുതല്‍ സ്പിന്നിനെതിരെ മുഴുവൻ ഇന്ത്യൻ ടീമിന്‍റെയും ശരാശരി കുറഞ്ഞുവെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. "2021 മുതലുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, നമ്മള്‍ ശരാശരി നിലവാരമാണ് പുലര്‍ത്തുന്നതെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. സ്‌പിന്നിനെതിരായി എല്ലാവരുടേയും ശരാശരി പകുതിയിൽ താഴെയായി കുറഞ്ഞു" - ആകാശ് ചോപ്ര പറഞ്ഞു.
സ്പിന്നിനെതിരായ ഇന്ത്യയുടെ പ്രകടനം മോശമാകാനുള്ള കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്ലാറ്റ് പിച്ചുകളിലാണ് ഇന്ത്യ വളരെയധികം ടി20, ഏകദിന മത്സരങ്ങള്‍ കളിക്കുന്നത്. അതിനാലാണ് അവർ സ്പിന്നിനെതിരെ പ്രയാസപ്പെടുന്നതെന്നുമാണ് മുൻ താരം പറയുന്നത്.
"എന്തുകൊണ്ടാണ് നമുക്ക് സ്പിന്നര്‍മാര്‍ക്കെതിരെ നന്നായി കളിക്കാന്‍ കഴിയാത്തത്. അതിന്‍റെ കാരണം നമ്മള്‍ ഫ്ലാറ്റ് പിച്ചുകളില്‍ നമ്മള്‍ വളരെയധികം ടി20, ഏകദിന ക്രിക്കറ്റ് കളിക്കുന്നുവെന്നതാണ്"- ചോപ്ര പറഞ്ഞു.