അഹമ്മദാബാദ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന് നാളെ തുടക്കം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതരയ്‌ക്കാണ് മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്.
പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ മൂന്നാം മത്സരമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. നാഗ്‌പൂരില്‍ നടന്ന ആദ്യ മത്സരം ഇന്നിങ്‌സിനും 132 റണ്‍സിനും വിജയിച്ച ആതിഥേയര്‍ ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റ് ആറ് വിക്കറ്റിനാണ് സ്വന്തമാക്കിയത്. ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം.
അഹമ്മദാബാദ് ടെസ്റ്റ് സമനിലയാക്കുകയോ വിജയിക്കുകയോ ചെയ്‌താല്‍ ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാം. മറുവശത്ത് പരമ്പരയില്‍ ഒപ്പമെത്താനാവും ഓസീസിന്‍റെ ശ്രമം. ഇതിനപ്പുറം മത്സരത്തിന്‍റെ ഫലം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ഉറപ്പിക്കുന്നതിന് ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമാണ്.
അഹമ്മദാബാദില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിക്കാതെ തന്നെ ഇന്ത്യയ്‌ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ഉറപ്പിക്കാം. പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഓസീസ് നേരത്തെ തന്നെ ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. നിലവിലെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യ.
ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത:രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ ഇറങ്ങുന്ന ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റത്തിന് സാധ്യതയുണ്ട്. പേസര്‍ മുഹമ്മദ് ഷമി ടീമിലേക്ക് മടങ്ങിയെത്തിയേക്കും. ആദ്യ രണ്ട് ടെസ്റ്റുകള്‍ കളിച്ച മുഹമ്മദ് ഷമി ഇന്‍ഡോറില്‍ ഇറങ്ങിയിരുന്നില്ല.
പകരം ഉമേഷ് യാദവായിരുന്നു ടീമിലെത്തിയത്. ഷമിയെത്തുമ്പോള്‍ ഉമേഷിനെ നിലനിര്‍ത്തി മുഹമ്മദ് സിറാജിന് വിശ്രമം അനുവദിക്കാനാണ് സാധ്യത. വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന് പകരം ഇഷാന്‍ കിഷന് അവസരം നല്‍കിയേക്കുമെന്നും സാംസാരമുണ്ട്. കളിച്ച മൂന്ന് ടെസ്റ്റുകളിലും അവസരം ലഭിച്ച ഭരത്തിന് കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല.