ന്യൂഡല്‍ഹി: നാഗ്‌പൂര്‍ ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യന്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയുടെ കുത്തിത്തിരിഞ്ഞ പന്തില്‍ ബീറ്റ് ചെയ്യപ്പട്ടതിന് പിന്നാലെ തംസ് അപ് നല്‍കിയ സ്‌റ്റീവ് സ്‌മിത്തിനെ ഇതിഹാസ താരം അലന്‍ ബോര്‍ഡര്‍ വിമര്‍ശിച്ചിരുന്നു. ആക്രമണോത്സുകതയോടെ കളിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ബീറ്റ് ചെയ്യപ്പെടുമ്പോള്‍ ഏതിരാളിക്ക് തംസ് അപ് നല്‍കി ക്രീസില്‍ മണ്ടത്തരം കാണിക്കരുതെന്നുമായിരുന്നു അലന്‍ ബോര്‍ഡര്‍ പറഞ്ഞത്. 67കാരന്‍റെ ഈ വാക്കുകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് ക്യാരി.
ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ ആദരണീയനായ വ്യക്തിയാണ് അലന്‍ ബോര്‍ഡര്‍. എന്നിരുന്നാലും, ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ ഇതൊരു വ്യത്യസ്‌ത കാലഘട്ടമാണ്. ബോർഡർ പരിചിതമായ രീതിയിലല്ല കളിക്കാർ എപ്പോഴും പെരുമാറുന്നതെന്ന് അദ്ദേഹം തിരിച്ചറിയണമെന്നും ക്യാരി പറഞ്ഞു.
അലക്‌സ് ക്യാരിയും അലന്‍ ബോര്‍ഡറും സ്‌മിത്തിന് അദ്ദേഹത്തിന്‍റേതായ ശൈലിയുണ്ട്. എല്ലാ സാഹചര്യങ്ങളിലും സ്‌മിത്ത് ഇത് ചെയ്യാറുണ്ട്. അതുവഴി അവന് ക്രീസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്.
എതിരാളികള്‍ക്ക് തംസ് അപ് നല്‍കി എന്നതിനാല്‍ സ്‌മിത്തിന് ആക്രമണോത്സുകത ഇല്ലെന്ന് അര്‍ഥമില്ല. സ്‌മിത്തിനെതിരായ ബോര്‍ഡറുടെ വാക്കുകള്‍ അല്‍പം കടുത്തതായിരുന്നുവെന്നും ക്യാരി കൂട്ടിച്ചര്‍ത്തു. ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ കറക്കി വീഴ്‌ത്തിയപ്പോള്‍ നാഗ്‌പൂരില്‍ മൂന്നാം ദിനം അവസാനിച്ച മത്സരത്തില്‍ ഓസീസ് ഇന്നിങ്‌സിനും 132 റണ്‍സിനും തോല്‍വി വഴങ്ങിയിരുന്നു.
ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് നേടിയ 177 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ 400 റണ്‍സെടുത്തിരുന്നു. ഇതോടെ 223 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ സന്ദര്‍ശകര്‍ 91 റണ്‍സില്‍ പുറത്താവുകയായിരുന്നു. ഇന്ത്യയില്‍ ഓസീസിന്‍റെ ഏറ്റവും ചെറിയ ഇന്നിങ്‌സ് സ്‌കോറാണിത്.
പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പരമ്പരയില്‍ ശക്തമായ തിരിച്ചുവരവിനാണ് ഓസീസ് ശ്രമിക്കുന്നതെന്നും ക്യാരി വ്യക്തമാക്കി. ഒരു ഗ്രൂപ്പ് എന്ന നിലയില്‍ ചെയ്യുന്ന കാര്യങ്ങളില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ വമ്പന്‍ അഴിച്ചുപണി: ഫെബ്രുവരി 17 മുതലാണ് ഡൽഹിയില്‍ രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ഡല്‍ഹിയില്‍ പ്ലേയിങ് ഇലവനില്‍ കാര്യമായ അഴിച്ചുപണിയോടെയാവും ഓസീസ് ഇറങ്ങുക. നാഗ്‌പൂരില്‍ മോശം പ്രകടനം നടത്തിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ടീം പുറത്തിരുത്തുമെന്നാണ് റിപ്പോര്‍ട്ടുള്ളത്.
സ്‌പിന്‍ ഓള്‍റൗണ്ടര്‍ ട്രാവിസ് ഹെഡാകും വാര്‍ണര്‍ക്ക് പകരമെത്തുക. പരിക്കിനെ തുടര്‍ന്ന് നാഗ്‌പൂരില്‍ ഇറങ്ങാതിരുന്ന പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവരും പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ മത്സരത്തിലെ തോല്‍വിയിലെ ക്ഷീണം തീര്‍ത്ത് പരമ്പരയില്‍ ഒപ്പമെത്താനാവും ഡല്‍ഹിയില്‍ ഓസീസ് ലക്ഷ്യം വയ്‌ക്കുന്നത്.
മൂന്നാം മത്സരം ഇന്‍ഡോറില്‍: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന്‍റെ വേദി മാറ്റിയതായി ബിസിസിഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നേരത്തെ നിശ്ചയിച്ചിരുന്ന ധർമ്മശാലയിൽ നിന്ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലേക്കാണ് മത്സരം മാറ്റിയത്. ഔട്ട്‌ഫീൽഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വേദി മാറ്റമെന്ന് ബിസിസിഐ അറിയിച്ചത്.
ബിസിസിഐ ക്യൂറേറ്റർ തപോഷ് ചാറ്റർജി നടത്തിയ പരിശോധനയില്‍ ഔട്ട്ഫീൽഡ് ഒരു അന്താരാഷ്ട്ര മത്സരത്തിന് അനുയോജ്യമല്ലെന്ന് വിലയിരുത്തിയിരുന്നു. ധര്‍മ്മശാലയില്‍ അന്താരാഷ്ട്ര മത്സരത്തിന് അനുയോജ്യമായ തരത്തില്‍ ഔട്ട്‌ഫീൽഡിൽ വേണ്ടത്ര പുല്ലിന്‍റെ സാന്ദ്രതയില്ലെന്നാണ് കണ്ടെത്തല്‍. മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെയാണ് ഇൻഡോറില്‍ മൂന്നാം ടെസ്റ്റ് നടക്കുക. തുടര്‍ന്ന് മാര്‍ച്ച് ഒമ്പതിനാണ് നാല് മത്സര പരമ്പരയിലെ അവസാന മത്സരം.
ALSO READ:'നാഗ്‌പൂരിലേത് ദയനീയ പ്രവൃത്തി, ഇതൊന്നും ക്രിക്കറ്റിന് നല്ലതല്ല'; ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിച്ച് ഓസീസ് മുന്‍ താരം ഇയാൻ ഹീലി