നാഗ്‌പൂര്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയുടെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. നാല് മത്സര പരമ്പരയിലെ ആദ്യ കളി ഇന്നലെ നാഗ്‌പൂരില്‍ ആരംഭിച്ചിരുന്നു. മത്സരത്തിന്‍റെ ആദ്യ ദിനം ഇന്ത്യയുടെ ആധിപത്യമാണ് കാണാനായത്.
ഇതിന് പിന്നാലെ സ്വന്തം മണ്ണില്‍ ഇന്ത്യയില്‍ തോല്‍പ്പിക്കാമെന്ന് കരുതിയെത്തിയ ഓസ്‌ട്രേലിയയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി ഏല്‍ക്കുകയാണെന്ന തരത്തില്‍ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര ട്വീറ്റ് ചെയ്‌തിരുന്നു. ഇതിന് ഒരു പാക് ആരാധകന്‍ നല്‍കിയ കമന്‍റിന് ചോപ്ര നല്‍കി മറുപടി കുറിക്ക് കൊള്ളുന്നതായിരുന്നു. ഇന്ത്യയെ ഇന്ത്യയില്‍ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് മാത്രമേ കഴിയൂവെന്നായിരുന്നു പാക് ആരാധകന്‍റെ കമന്‍റ്.
എന്നാല്‍ ആത്മവിശ്വാസം നല്ലതാണെന്നും, പക്ഷെ ആദ്യം സ്വന്തം മണ്ണില്‍ ഒരു പരമ്പരയെങ്കിലും നേടിയിട്ട് മതി ഇതൊക്കെയെന്നുമാണ് ചോപ്ര മറുപടി നല്‍കിയത്. "നിങ്ങളുടെ ആത്മവിശ്വാസം എനിക്ക് ഇഷ്‌ടമായി. പക്ഷെ ആദ്യം സ്വന്തം മണ്ണിലെങ്കിലും ഒരു പരമ്പര വിജയിക്കൂ. നാട്ടില്‍ ഓസ്‌ട്രേലിയയോടും ഇംഗ്ലണ്ടിനോടും ന്യൂസിലന്‍ഡിനോടും, എവേ പരമ്പരകളില്‍ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും വിന്‍ഡീസിനോടും വിജയിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ പാകിസ്ഥാൻ ഇതിനകം തന്നെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തേണ്ടതായിരുന്നു". ചോപ്ര കുറിച്ചു.
നാഗ്‌പൂരില്‍ ടോസ് നേടിയ ബാറ്റ് ചെയ്യാനിറങ്ങിയ ഓസീസിനെ 177 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ആതിഥേയര്‍ ആദ്യ ദിനം ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 77 റണ്‍സെടുത്തിരുന്നു. അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ രവീന്ദ്ര ജഡേജയുടെ പ്രകടനമാണ് ഓസീസിനെ തകര്‍ത്തത്. മൂന്ന് വിക്കറ്റുകളുമായി ആര്‍ ആശ്വിനും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തിയ മുഹമ്മദ് സിറാജും ഷമിയും നിര്‍ണായകമായി.
ALSO READ:IND vs AUS: ജഡേജയ്‌ക്കെതിരായ ആരോപണം; മാച്ച് റഫറിക്ക് മറുപടി നല്‍കി ഇന്ത്യ