കേരളം

kerala

ETV Bharat / sports

IND vs AUS : അഹമ്മദാബാദില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി ; ശ്രേയസ് അയ്യരെ സ്‌കാനിങ്ങിന് വിധേയനാക്കി - ശ്രേയസ്‌ അയ്യര്‍ക്ക് പരിക്ക്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അഹമ്മദാബാദ് ടെസ്റ്റിന്‍റെ മൂന്നാം ദിനത്തില്‍ നടുവേദന അനുഭവപ്പെട്ട ശ്രേയസ് അയ്യരെ സ്‌കാനിങ്ങിന് വിധേയനാക്കിയതായി ബിസിസിഐ

IND vs AUS  Shreyas Iyer injury  Ahmedabad test  Shreyas Iyer sent for scans  border gavaskar trophy  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  അഹമ്മദാബാദ് ടെസ്റ്റ്  ഇന്ത്യ vs ഓസ്‌ട്രേലിയ  ശ്രേയസ്‌ അയ്യര്‍ക്ക് പരിക്ക്  ശ്രേയസ്‌ അയ്യര്‍
പരിക്ക് വലച്ച ശ്രേയസ് അയ്യരെ സ്‌കാനിങ്ങിന് വിധേയനാക്കി

By

Published : Mar 12, 2023, 12:03 PM IST

Updated : Mar 12, 2023, 12:34 PM IST

അഹമ്മദാബാദ് : ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അഹമ്മദാബാദ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ലീഡിനായി പൊരുതുന്ന ഇന്ത്യയ്‌ക്ക് വമ്പന്‍ തിരിച്ചടി. മധ്യനിര ബാറ്റര്‍ ശ്രേയസ്‌ അയ്യരുടെ പരിക്കാണ് ടീമിന് ആശങ്കയാവുന്നത്. നടുവേദന അനുഭവപ്പെട്ട താരത്തെ സ്‌കാനിങ്ങിന് വിധേയനാക്കിയതായി ബിസിസിഐ അറിയിച്ചു.

"മൂന്നാം ദിവസത്തെ മത്സരത്തിന് ശേഷം നടുവേദന അനുഭവപ്പെടുന്നതായി ശ്രേയസ് അയ്യർ പറഞ്ഞതിനെ തുടര്‍ന്ന് താരത്തെ സ്‌കാനിങ്ങിന് വിധേയനാക്കി. ബിസിസിഐ മെഡിക്കൽ ടീം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്" - ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ശ്രേയസിന്‍റെ പരിക്ക് സംബന്ധിച്ചും താരം ബാറ്റ് ചെയ്യാനിറങ്ങുമോയെന്നതും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.

ബാറ്റിങ് ഓര്‍ഡറില്‍ സാധാരണയായി അഞ്ചാം നമ്പറിലാണ് ശ്രേയസ്‌ ഇറങ്ങിയിരുന്നത്. എന്നാല്‍ മത്സരത്തിന്‍റെ മൂന്നാം ദിനമായ ഇന്നലെ മൂന്നാം വിക്കറ്റായി ചേതേശ്വര്‍ പുജാര പുറത്തായതിന് ശേഷം ശ്രേയസ് ബാറ്റ് ചെയ്യാനെത്തിയിരുന്നില്ല. പകരം രവീന്ദ്ര ജഡേജയ്ക്ക് സ്ഥാനക്കയറ്റം നൽകുകയായിരുന്നു. മത്സരത്തിന്‍റെ നാലാം ദിനമായ ഇന്ന് ജഡേജ പുറത്തായതിന് ശേഷം വിക്കറ്റ് കീപ്പർ-ബാറ്ററായ കെഎസ് ഭരത്താണ് ക്രീസിലെത്തിയത്.

ഇതോടെ ശ്രേയസിന് എന്തുപറ്റിയെന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ബിസിസിഐ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. പുറം വേദനയെ തുടര്‍ന്ന് ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയിലെ ആദ്യ ടെസ്റ്റ് 28കാരനായ ശ്രേയസ് അയ്യര്‍ക്ക് നഷ്‌ടമായിരുന്നു.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കിടെയാണ് ശ്രേയസിന് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി ഫിറ്റ്‌നസ്‌ വീണ്ടെടുത്തതിന് ശേഷമായിരുന്നു താരം ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. സമീപകാലത്ത് ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്‌തനാണ് ശ്രേയസ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ ശ്രേയസിന്‍റെ നിര്‍ഭാഗ്യകരമായ പുറത്താവല്‍ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.

ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ താരത്തിന് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് പന്തുകള്‍ മാത്രം നേരിടാന്‍ കഴിഞ്ഞ ശ്രേയസ് ഓസീസ് സ്‌പിന്നര്‍ മാത്യു കുഹ്‌നെമാന്‍റെ പന്തില്‍ പ്ലേ ഡൗണ്‍ ആയാണ് തിരിച്ച് കയറിയത്. ഓസീസ് സ്‌പിന്നറെ ആക്രമിക്കാനുള്ള ശ്രമത്തിനിടെ ശ്രേയസിന്‍റെ ബാറ്റില്‍ എഡ്‌ജായ പന്ത് സ്‌റ്റംപില്‍ ഉരസിയാണ് വിക്കറ്റ് കീപ്പറായ അലക്‌സ് ക്യാരിയുടെ അടുത്തെത്തിയത്.

പക്ഷേ പന്ത് കടന്നുപോയതിന് അല്‍പം കഴിഞ്ഞാണ് ബെയ്‌ല്‍സ് ഇളകി താഴെ വീണത്. ബൗള്‍ഡാണെന്ന് ഉറപ്പിച്ച ഓസീസ് താരങ്ങള്‍ ആഘോഷം നടത്തുമ്പോള്‍ ശ്രേയസ് ക്രീസില്‍ തുടര്‍ന്നിരുന്നു. അലക്‌സ് ക്യാരിയുടെ പാഡില്‍ തട്ടിയെത്തിയ പന്താണോ ബെയ്ല്‍ വീഴ്‌ത്തിയതെന്ന സംശയമായിരുന്നു ഇതിന് കാരണം. ഒടുവില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം മൂന്നാം അമ്പയര്‍ ഔട്ട് ഉറപ്പിച്ചപ്പോള്‍ നിര്‍ഭാഗ്യത്തിന്‍റെ അങ്ങേയറ്റമാണ് താരത്തിന്‍റെ പുറത്താവലെന്നായിരുന്നു ആരാധക പക്ഷം.

ഇന്ത്യ പൊരുതുന്നു : അഹമ്മദാബാദില്‍ ഇന്ത്യ ലീഡിനായി പൊരുതുകയാണ്. ഓസീസിന്‍റെ 408 റണ്‍സ് പിന്തുടരുന്ന ആതിഥേയര്‍ നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സെന്ന നിലയിലാണ്. ഇനി ആറ് വിക്കറ്റ് ശേഷിക്കെ സന്ദര്‍ശകരേക്കാള്‍ നിലവില്‍ 118 റണ്‍സ് പിറകിലാണ് ഇന്ത്യ. വിരാട് കോലിയും ശ്രീകര്‍ ഭരത്തുമാണ് ക്രീസില്‍.

Last Updated : Mar 12, 2023, 12:34 PM IST

ABOUT THE AUTHOR

...view details