ദുബായ് : ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അവസാന മത്സരം അഹമ്മദാബാദില്‍ വ്യാഴാഴ്‌ചയാണ് ആരംഭിക്കുന്നത്. നാല് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പയിലെ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്. യഥാക്രമം നാഗ്‌പൂരിലും ഡല്‍ഹിയിലുമായി നടന്ന ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റ് പിടിച്ച ഓസ്‌ട്രേലിയ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനും, ഡല്‍ഹിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ വിജയം. ഇതിന് ഇന്‍ഡോറില്‍ ഒമ്പത് വിക്കറ്റ് വിജയത്തോടെയാണ് ഓസ്‌ട്രേലിയ മറുപടി നല്‍കിയത്. ഇന്‍ഡോറിലെ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുറപ്പിക്കാന്‍ ഓസ്‌ട്രേലിയയ്‌ക്ക് കഴിഞ്ഞിരുന്നു.
ഇതോടെ അഹമ്മദാബാദില്‍ വിജയിച്ചാല്‍ മാത്രമേ മറ്റ് ടീമുകളുടെ വിജയപരാജയങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്‌ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ കഴിയൂ. ഓസീസ് സ്‌പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ മുട്ടുകുത്തിയതോടെയാണ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യ തോല്‍വി വഴങ്ങിയത്. ഇതോടെ ബാറ്റിങ് നിര കൂടുതല്‍ ശക്തിപ്പെടുത്തിയാവും ആതിഥേയര്‍ അഹമ്മദാബാദില്‍ ഇറങ്ങുക.
കളിച്ച മൂന്ന് മത്സരങ്ങളില്‍ നാഗ്‌പൂരിലും ഡല്‍ഹിയിലും കെഎല്‍ രാഹുലായിരുന്നു രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തിരുന്നത്. മികച്ച ഫോമിലുള്ള ശുഭ്‌മാന്‍ ഗില്ലിനെ പുറത്തിരുത്തിയായിരുന്നു സമീപ കാലത്തായി റണ്‍സ് വരള്‍ച്ച നേരിടുന്ന രാഹുലിന് മാനേജ്‌മെന്‍റ് പിന്തുണ നല്‍കിയത്. എന്നാല്‍ ബാറ്റ് ചെയ്‌ത മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി ആകെ 38 റണ്‍സ് മാത്രമാണ് 33കാരനായ രാഹുല്‍ നേടിയത്.