നാഗ്‌പൂര്‍: ആദ്യ ടി20യിലെ തോല്‍വിക്ക് ആധികാരികമായാണ് ഇന്ത്യ നാഗ്‌പൂരില്‍ ഓസ്ട്രേലിയയ്‌ക്ക് മറുപടി നല്‍കിയത്. ഏറെ നാളായി പഴികേട്ടിരുന്ന ബോളിങ് നിരയിലേക്ക് സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നുവിത്. എട്ട് ഓവറായി ചുരുക്കിയ മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്.
ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ അഞ്ചാം ഓവറിലാണ് ബുംറയ്‌ക്ക് പന്ത് നല്‍കിയത്. ഈ ഓവറില്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിന്‍റെ കുറ്റി തെറിപ്പിച്ച ബുംറയുടെ മരണ യോര്‍ക്കര്‍ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. എതിരാളിയെപ്പോലും കയ്യടിപ്പിച്ച പന്തായിരുന്നുവിത്.
മികച്ച ഫോമിലുള്ള ഫിഞ്ചിനെതിരെ ഒരു വൈഡ് ഡെലിവറിയോടെയാണ് ബുംറ ഈ ഓവര്‍ തുടങ്ങിയത്. ആദ്യ ലീഗല്‍ ഡെലിവറിയില്‍ ഫിഞ്ച് ബുംറയെ ബൗണ്ടറി കടത്തി. തുടര്‍ന്നുള്ള പന്തുകളില്‍ ഓസീസ് താരങ്ങള്‍ സിംഗിളുകളും ഡബിളുകളുമായി മുന്നേറി.