ഗുവാഹത്തി:ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മൂന്നാം ടി20യ്‌ക്ക് ഇന്ത്യ ഇന്നിറങ്ങുകയാണ് (India vs Australia 3rd T20I). ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതല്‍ക്കാണ് മത്സരം നടക്കുക. മത്സരത്തിനിറങ്ങുന്ന ഇന്ത്യയെ ഒരു വമ്പന്‍ റെക്കോഡ് കാത്തിരിപ്പുണ്ട്.
ഗുവാഹത്തിയില്‍ കളി പിടിക്കാനായാല്‍ അന്താരാഷ്‌ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങളുള്ള ടീമെന്ന ലോക റെക്കോഡാണ് ഇന്ത്യയ്‌ക്ക് സ്വന്തമാവുക (India eye on Pakistan World Record). 135 വിജയങ്ങളുമായി നിലവില്‍ അയല്‍ക്കാരായ പാകിസ്ഥാനൊപ്പമാണ് ഇന്ത്യയുള്ളത്. ഓസീസിനെതിരെ തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടി20യിലെ മിന്നും വിജയത്തോടെയായിരുന്നു ഇന്ത്യ പാകിസ്ഥാനൊപ്പമെത്തിയത്.
211 മത്സരങ്ങളില്‍ നിന്നുമാണ് ഇന്ത്യ 135 വിജയങ്ങള്‍ സ്വന്തമാക്കിയത് (India Cricket Team T20I Wins). ഇത്രയും വിജയം നേടാന്‍ 226 മത്സരങ്ങളാണ് പാകിസ്ഥാന്‍ എടുത്തത് (Pakistan Cricket Team T20I Wins). 200 മത്സരങ്ങളില്‍ നിന്നും 102 വിജയങ്ങളുള്ള ന്യൂസിലന്‍ഡ്, 171 മത്സരങ്ങളില്‍ 95 വിജയങ്ങളുള്ള ദക്ഷിണാഫ്രിക്ക, 179 മത്സരങ്ങളില്‍ 94 എണ്ണം പിടിച്ച ഓസ്‌ട്രേലിയ, 177 മത്സരങ്ങളില്‍ 92 വിജയങ്ങളുള്ള ഇംഗ്ലണ്ട് എന്നിവരാണ് പിന്നിലുള്ളത്.
പരമ്പരയിലെ കളിച്ച രണ്ട് മത്സരങ്ങളും വിജയിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. വിശാഖപട്ടണത്ത് നടന്ന ആദ്യ ടി20 രണ്ട് വിക്കറ്റുകള്‍ക്കും പിന്നീട് തിരുവനന്തപുരത്ത് നടന്ന രണ്ടാം മത്സരം 44 റണ്‍സിനുമായിരുന്നു ആതിഥേയര്‍ സ്വന്തമാക്കിയത്. ഇതോടെ ഇന്ന് ഗുവാഹത്തിയില്‍ വിജയിച്ചാല്‍ രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ തന്നെ ആതിഥേയര്‍ക്ക് പരമ്പരയും തൂക്കാം.