ഇന്‍ഡോര്‍: 430 ദിവസത്തിന് ശേഷം ടി20 ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങിയ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയോട് സ്‌നേഹപ്രകടനം കാണിക്കാന്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി താരത്തെ കെട്ടിപ്പിടിച്ച യുവാവ് കസ്റ്റഡിയില്‍. ഇന്ത്യ അഫ്‌ഗാനിസ്ഥാന്‍ രണ്ടാം ടി20 (India vs Afghanistan 2nd T20I) മത്സരത്തിനിടെ സുരക്ഷ ലംഘിച്ച് ഗ്രൗണ്ടില്‍ ഇറങ്ങിയതിനാണ് വിരാട് കോലി ആരാധകനെതിരെ പൊലീസ് നടപടി. മധ്യപ്രദേശ് ടുക്കോഗഞ്ച് സ്റ്റേഷനില്‍ ഉള്ള ഇയാളെ ചോദ്യം ചെയ്യലിന് വിധേയനാക്കിയ ശേഷമായിരിക്കും കൂടുതല്‍ നടപടികളെന്ന് പൊലീസ് വ്യക്തമാക്കി.
14 മാസങ്ങള്‍ക്ക് ശേഷമുള്ള വിരാട് കോലിയുടെ ടി20 ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനെ ആവേശത്തോടെയായിരുന്നു ഇന്‍ഡോര്‍ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലെ ആരാധകരും വരവേറ്റത്. മൈതാനത്ത് കോലി ഇറങ്ങിയത് മുതല്‍ ആരാധകര്‍ താരത്തിനായി കയ്യടി നല്‍കിക്കൊണ്ടേയിരുന്നു. ഗാലറിയില്‍ ഉള്‍പ്പടെ കോലി ചാന്‍റുകള്‍ ആയിരുന്നു മത്സരത്തിനിടെ മുഴങ്ങി കേട്ടത്.
ഇതിനിടെ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാന്‍ ഇന്നിങ്‌സിന്‍റെ 18-ാം ഓവറിലായിരുന്നു ഒരു ആരാധകന്‍ മൈതാനത്തെ സുരക്ഷകള്‍ എല്ലാം മറികടന്ന് കോലിക്ക് അരികിലേക്ക് ഓടിയെത്തിയത് (Fan Hugged Virat Kohli). ബൗണ്ടറിക്ക് സമീപം ഫീല്‍ഡ് ചെയ്‌തിരുന്ന വിരാട് കോലിയെ ഓടിയെത്തിയ ആരാധകന്‍ കെട്ടിപ്പിടിച്ചു. ആ യുവാവിനെ കോലിയും തിരിച്ച് ആലിംഗനം ചെയ്‌തിരുന്നു. മത്സരത്തില്‍ ഏറെ മനോഹരമായ ഈ ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.