ട്രിനിഡാഡ് :ആവേശം അവസാന ഓവറിലേക്ക് നീങ്ങിയ രണ്ടാം ഏകദിനത്തിലും വെസ്‌റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്‌ക്ക് ത്രസിപ്പിക്കുന്ന ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ട് പന്തും, രണ്ട് വിക്കറ്റും ശേഷിക്കെയാണ് വിജയത്തിലെത്തിയത്. വാലറ്റത്തെ കൂട്ടുപിടിച്ച് അക്‌സര്‍ പട്ടേല്‍ പുറത്തെടുത്ത അക്രമണോത്സുക ബാറ്റിങ്ങാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0-ന് സ്വന്തമാക്കി.
182 പ്രഹരശേഷിയില്‍ ബാറ്റ് വീശി കരിയറിലെ ആദ്യ അര്‍ധശതകം പൂര്‍ത്തിയാക്കിയ അക്‌സര്‍ പട്ടേല്‍ 35 പന്തില്‍ 64 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇന്ത്യയുടെ ടോപ് സ്‌കോററും, കളിയിലെ താരവും അക്‌സറാണ്. ബോളിങ്ങില്‍ ഒരു വിക്കറ്റും അക്‌സര്‍ സ്വന്തമാക്കി.
അര്‍ധസെഞ്ച്വറി നേടിയ സഞ്‌ജു സാംസണ്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അവസരോചിത ബാറ്റിങ്ങും ഇന്ത്യന്‍ ജയത്തിന് തുണയായി. അയ്യര്‍ 71 പന്തില്‍ 63 നേടി പുറത്തായപ്പോള്‍ 51 പന്തില്‍ 54 റണ്‍സാണ് സഞ്ജുവിന്‍റെ സമ്പാദ്യം. കരിയറില്‍ മൂന്നാം ഏകദിനം കളിക്കാനിറങ്ങിയ സഞ്‌ജുവിന്‍റെ ആദ്യ അര്‍ധ സെഞ്ച്വറിയാണ് ഇത്.
വിന്‍ഡീസ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്‌ക്ക് 79 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടിരുന്നു. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശ്രേയസ്-സഞ്‌ജു സഖ്യമാണ് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. 99 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയാണ് ഇരുവരും പിരിഞ്ഞത്.
സഞ്‌ജു-ശ്രേയസ് എന്നിവരെ പുറത്താക്കി വിന്‍ഡീസ് മത്സരത്തില്‍ പിടിമുറുക്കിയെങ്കിലും അക്‌സര്‍ പട്ടേല്‍ അവരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുകയായിരുന്നു. കൈല്‍ മേയേഴ്‌സ് എറിഞ്ഞ അവസാന ഓവറിലെ നാലാം പന്ത് സിക്‌സര്‍ പറത്തിയാണ് അക്‌സര്‍ വിജയറണ്‍ നേടിയത്. വിന്‍ഡീസില്‍ ഏകദിനത്തില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണ് ഇത്.
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത വെസ്‌റ്റിന്‍ഡീസ്, നൂറാം മത്സരത്തിൽ സെഞ്ച്വറിയുമായി തിളങ്ങിയ ഷായ് ഹോപ്പിന്‍റെ മികവിലാണ് ഇന്ത്യക്കെതിരെ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 311 റണ്‍സ് വിൻഡീസ് സ്വന്തമാക്കിയത്. ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച ഹോപ്പിന്‍റെയും (115) നായകൻ നിക്കോളാസ് പുരാന്‍റെയും (74) ബാറ്റിങ് മികവിലാണ് വിൻഡീസ് മികച്ച സ്‌കോർ കണ്ടെത്തിയത്.