ന്യൂഡൽഹി: ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വനിത ഐപിഎൽ 2023 മാർച്ചിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. അഞ്ച് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റ് ഫെബ്രുവരിയിൽ നടക്കുന്ന ടി20 ലോകകപ്പിന് പിന്നാലെ ആരംഭിക്കുമെന്നും നാല് ആഴ്‌ചയോളം ടൂർണമെന്‍റ് നീണ്ടുനിൽക്കുമെന്നും ബിസിസിഐ അറിയിച്ചു.
'മാർച്ച് ആദ്യവാരം വനിത ഐപിഎൽ ആരംഭിക്കും. മത്സരങ്ങൾ ഒരു മാസക്കാലം നീണ്ടുനിൽക്കും. ദക്ഷിണാഫ്രിക്കയിൽ ഫെബ്രുവരി 9 മുതൽ 26 വരെ നടക്കുന്ന ടി20 ലോകകപ്പിന് പിന്നാലെ വനിത ഐപിഎൽ നടത്താൻ ഞങ്ങൾ പദ്ധതിയിടുന്നു. നിലവിൽ അഞ്ച് ടീമുകളാണുള്ളത്. എന്നാൽ നിക്ഷേപകർ എത്തുന്നതിനനുസരിച്ച് ടീമുകളുടെ എണ്ണം ആറായി ഉയർന്നേക്കാം.' ബിസിസിഐയിലെ ഉയർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.