ഗയാന :കരീബിയൻ പ്രീമിയർ ലീഗില്‍ (Caribbean Premier League) ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിനെ (Trinbago Knight Riders) തോല്‍പ്പിച്ച് ഗയാന ആമസോൺ വാരിയേഴ്‌സ് കിരീടമുയര്‍ത്തിയിരുന്നു. കരീബിയൻ പ്രീമിയർ ലീഗില്‍ ഗയാന ആമസോൺ വാരിയേഴ്‌സ് (Guyana Amazon Warriors) നേടുന്ന ആദ്യ കിരീടമാണിത്. ടീമിന്‍റെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന് നന്ദി പറഞ്ഞിരിക്കുകയാണ് വാരിയേഴ്‌സ് നായകന്‍ ഇമ്രാൻ താഹിര്‍ (Imran Tahir thanks R Ashwin after Caribbean Premier League title triumph).
ടീമിന്‍റെ ക്യാപ്റ്റന്‍സി തനിക്ക് ലഭിച്ചപ്പോഴുണ്ടായ പരിഹാസങ്ങളേയും അശ്വിന്‍ നല്‍കിയ പിന്തുണയേയും കുറിച്ച് ഏറെ വികാരഭരിതനായാണ് ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ ലെഗ് സ്‌പിന്നര്‍ സംസാരിച്ചത്. "കിരീട നേട്ടം ഒരു പ്രത്യേക വികാരമാണ്. ഈ ഫ്രാഞ്ചൈസിക്കും, ഞങ്ങളെ എല്ലായ്‌പ്പോഴും പിന്തുണയ്ക്കുന്നവർക്കും വേണ്ടി കളിക്കാന്‍ കഴിയുന്നത് മികച്ച അനുഭവമാണ്.
ഞാന്‍ ഈ ടീമിന്‍റെ ക്യാപ്റ്റനായപ്പോള്‍ പലരും പരിഹസിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ആര്‍ അശ്വിന് ഒരുപാട് നന്ദി. ഞങ്ങള്‍ക്ക് കിരീടം നേടാന്‍ കഴിയുമെന്ന് ഈ സീസണിന് മുന്നേ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു" - 44-കാരനായ ഇമ്രാന്‍ താഹിര്‍ (Imran Tahir) പറഞ്ഞു.
ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്‍റെ വിജയമാണ് ഗയാന ആമസോൺ വാരിയേഴ്‌സ് നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിനെ 18.1 ഓവറില്‍ 94 റണ്‍സിന് എറിഞ്ഞിടാന്‍ വാരിയേഴ്‌സിന് കഴിഞ്ഞിരുന്നു. മറുപടിക്കിറങ്ങിയ വാരിയേഴ്‌സ് 14 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ വിജയത്തിലെത്തുകയായിരുന്നു.