പാൾ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന- ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യയുടെ പരാജയത്തിന് കാരണം അമിത ആത്മവിശ്വാസമാണെന്ന് ദക്ഷിണാഫ്രിക്കൻ മുൻ സ്‌പിന്നർ ഇമ്രാൻ താഹിർ. എതിരാളികളെ നിസാരരായി കണ്ട ഇന്ത്യയുടെ മനോഭാവം ടീമിന് തിരിച്ചടിയായെന്നും താഹിർ വിമർശിച്ചു.
'ലോകത്തെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇന്ത്യ. എന്നാൽ സീനിയർ താരങ്ങൾ ഇല്ലാതെ വളർന്നുവന്നുകൊണ്ടിരിക്കുന്ന ടീമാണ് നിലവിൽ ദക്ഷിണാഫ്രിക്ക. അത്തരമൊരു ടീമിനെ അനായാസം കീഴടക്കാം എന്ന് ഇന്ത്യ തെറ്റിദ്ധരിക്കുകയും അമിതമായ ആത്മവിശ്വാസം കാട്ടുകയും ചെയ്‌തു. ഇതാണ് ടീമിന്‍റെ പരാജയത്തിന് കാരണമായത്'. താഹിർ പറഞ്ഞു.
'കഴിഞ്ഞ നാലഞ്ച് വർഷക്കാലമായി ടെസ്റ്റിലും ഏകദിനത്തിലും ലോക ക്രിക്കറ്റിനെ അടക്കി ഭരിക്കുന്നവരാണ് ഇന്ത്യ. എന്നിട്ടും യുവതാരങ്ങൾക്കെതിരെ വിജയം നേടാൻ ഇന്ത്യക്കായില്ല. ദക്ഷിണാഫ്രിക്ക മനോഹരമായി കളിച്ചു. ഹോം ഗ്രൗണ്ടിലെ ആനുകൂല്യം മുതലാക്കി അവർ വിജയം കൊയ്‌തു'. താഹിർ കൂട്ടിച്ചേർത്തു.
ALSO READ:IPL 2022: ഐപിഎൽ 15-ാം സീസണ്‍ ഇന്ത്യയിൽ; കാണികൾക്ക് പ്രവേശനമുണ്ടാകില്ല
മൂന്ന് വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങളുടെ പരമ്പരക്കായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തിയത്. സെഞ്ചൂറിയനില്‍ ആദ്യ ടെസ്റ്റ് ജയിച്ച ശേഷം രണ്ട് മത്സരങ്ങളും തോറ്റ് ഇന്ത്യ പരമ്പര കൈവിടുകയായിരുന്നു. ഏകദിനത്തിലും ആദ്യ രണ്ടിലും തോല്‍വി വഴങ്ങി പരമ്പര കൈവിട്ടു. ഞായറാഴ്‌ചയാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ഏകദിനം.