ബെംഗളൂരു : വെസ്റ്റ്‌ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ മലയാളി താരം സഞ്‌ജു സാംസണ്‍ തഴയപ്പെട്ടതില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. മതിയായ അവസരം നല്‍കാതെയാണ് സഞ്‌ജുവിനെ ബിസിസിഐ അവഗണിക്കുന്നതെന്നാണ് വിമര്‍ശനം. ഇപ്പോഴിതാ താരത്തെ പിന്തുണച്ച് രംഗത്തെത്തിയ മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷിന്‍റെ ട്വീറ്റ് ശ്രദ്ധേയമാവുകയാണ്.
'സഞ്ജു സാംസണെ പോലെയുള്ള താരങ്ങളെയാണ് ടി20 ക്രിക്കറ്റിൽ ആവശ്യം. ശ്രേയസ് അയ്യർക്ക് വേണ്ടി സഞ്ജു സാംസണെ ഒഴിവാക്കുന്നത് ക്രിക്കറ്റ് യുക്തിക്കുമപ്പുറത്തുള്ള കാര്യമാണ്' - ഗണേഷ് ട്വീറ്റ് ചെയ്‌തു.
അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ലഭിച്ച അവസരം അര്‍ധ സെഞ്ചുറി നേടിയ താരം മുതലാക്കിയിരുന്നു. ഡബ്ലിനിൽ നടന്ന മത്സരത്തില്‍ 42 പന്തുകളില്‍ 77 റണ്‍സാണ് സഞ്‌ജു അടിച്ച് കൂട്ടിയത്. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയെങ്കിലും പ്ലെയിങ് ഇലവനിൽ സഞ്‌ജുവിന് ഇടം ലഭിച്ചിരുന്നില്ല.
അതേസമയം വിൻഡീസിനെതിരായ ഏകദിന പരമ്പരയുടെ ഭാഗമായ ടീമില്‍ അവസരം ലഭിച്ചുവെങ്കിലും ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്നും താരത്തെ ഒഴിവാക്കുകയായിരുന്നു. ഇതോടെ സഞ്ജു രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കണമെന്നും അല്ലെങ്കിൽ ഓസ്ട്രേലിയയ്‌ക്കോ, ഇംഗ്ലണ്ടിനോ വേണ്ടി കളിക്കണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
2015ൽ ദേശീയ കുപ്പായത്തില്‍ അരങ്ങേറിയ സഞ്‌ജു പലപ്പോഴും ടീമിന് അകത്തും പുറത്തുമാണ്. ഏഴ് വര്‍ഷത്തിനിടെ 14 ടി20കളിലും ഒരു ഏകദിനത്തിലുമാണ് സഞ്‌ജുവിന് അവസരം ലഭിച്ചത്. ടി20 ലോകകപ്പ് നടക്കുന്ന ഓസ്‌ട്രേലിയയില്‍ സഞ്‌ജുവിനെ കളിപ്പിക്കണമെന്ന് വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ബിസിസിഐയുടെ നിലവിലെ തീരുമാനങ്ങള്‍ താരത്തെ ലോകകപ്പ് ടീമില്‍ നിന്ന് തഴയുന്നതാണെന്നും വിമര്‍ശനം ശക്തമാണ്.