വാഴ്‌സോ :ബില്ലി ജീൻ കിങ് കപ്പ് ടെന്നിസ് ടൂര്‍ണമെന്‍റില്‍ നിന്നും പിന്മാറുന്നതായി ലോക ഒന്നാം നമ്പർ താരം ഇഗ സ്വിറ്റെക്. ഡബ്ല്യുടിഎ ഫൈനൽസിന്‍റെ ഷെഡ്യൂളിനൊപ്പം ബില്ലി ജീൻ കിങ് കപ്പും വന്നതിനാലാണ് പിന്മാറ്റമെന്ന് ഇഗ ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു.
ടൂർണമെന്‍റുകളുടെ കലണ്ടർ പോലെയുള്ള അടിസ്ഥാന കാര്യങ്ങളിൽ ടെന്നിസ് ഭരണസമിതികൾ ധാരണയിലെത്താത്തതിൽ നിരാശയുണ്ടെന്നും പോളിഷ് താരം പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് ഡബ്ല്യുടിഎയുമായും ഐടിഎഫുമായും സംസാരിക്കുമെന്നും ഇഗ കൂട്ടിച്ചേർത്തു.
ഓക്‌ടോബര്‍ 31 മുതല്‍ നവംബര്‍ ഏഴ് വരെ യുഎസിലെ ഫോർട്ട് വർത്തിലാണ് ഡബ്ല്യുടിഎ ഫൈനൽസ്. നവംബര്‍ എട്ട് മുതല്‍ 13 വരെ സ്‌കോട്‌ലാന്‍ഡിലെ ഗ്ലാസ്‌കോയിലാണ് ബില്ലി ജീൻ കിങ് കപ്പ് നടക്കുക.
ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് സഞ്ചരിക്കാനും ടൈം സോണ്‍ മാറാനും ഒരു ദിവസമാണുള്ളത്. ഇത്തരം സാഹചര്യങ്ങള്‍ അനാരോഗ്യത്തിനും പരിക്കിനും കാരണമാകും. കളിക്കാര്‍ക്ക് മാത്രമല്ല, ടെന്നിസ് ആരാധകരെക്കൂടി പ്രയാസപ്പെടുത്തുന്നതാണിതെന്നും താരം വ്യക്തമാക്കി.
യുഎസ് ഓപ്പണില്‍ ഈ വര്‍ഷം തന്‍റെ കന്നി കിരീടം നേടാന്‍ ഇഗയ്‌ക്ക് കഴിഞ്ഞിരുന്നു. ഫൈനലില്‍ ടുണീഷ്യയുടെ ഒൻസ് ജാബ്യൂറിനെയാണ് ഇഗ തോല്‍പ്പിച്ചത്. യുഎസ് ഓപ്പണ്‍ നേടുന്ന ആദ്യ പോളിഷ് താരമാണ് 21കാരിയായ ഇഗ.