അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ടൂര്‍ണമെന്‍റിലെ എറ്റവും മികച്ച രണ്ട് ടീമുകള്‍ തന്നെയാണ് ഇത്തവണ ഫൈനല്‍ ടിക്കറ്റുറപ്പിച്ചത്. ഗ്രൂപ്പ് ഘട്ടം മുതല്‍ സെമി ഫൈനല്‍ വരെയുളള പത്ത് കളികളില്‍ പത്തിലും ജയിച്ച് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് 2023ല്‍ അപരാജിത കുതിപ്പ് നടത്തി. അതേസമയം പത്തില്‍ എട്ട് മത്സരങ്ങള്‍ ജയിച്ച് കയറിയാണ് ഓസീസിന്‍റെ വരവ്.
കരുത്തുറ്റ ബാറ്റിങ് നിരയും ഏത് സാഹചര്യങ്ങളിലും വിക്കറ്റ് വീഴ്‌ത്താന്‍ കഴിവുളള മികച്ച ബോളിങ് നിരയുമാണ് ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ട്. നിലവിലെ ടീമില്‍ വിരാട് കോലി മാത്രമാണ് ഇതിന് മുന്‍പ് ഒരു ലോകകപ്പ് ഫൈനലില്‍ കളിച്ചിട്ടുളള താരം. 2011ല്‍ ഇന്ത്യ കിരീടം നേടിയ ലോകകപ്പില്‍ മധ്യനിര ബാറ്ററായാണ് കോലി കളിച്ചത്. നാലാമനായി ഇറങ്ങി ഫൈനലില്‍ 49 പന്തില്‍ 35 റണ്‍സ് നേടി ടീം സ്കോറിലേക്ക് കോലി നിര്‍ണായക സംഭാവന നല്‍കിയിരുന്നു.
വിരാട് കോലിക്കൊപ്പം രവിചന്ദ്രന്‍ അശ്വിനും 2011 ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നെങ്കിലും ഫൈനല്‍ ഇലവനില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ലോകകപ്പ് ഫൈനലില്‍ കളിച്ച അനുഭവസമ്പത്തുമായി നാളത്തെ ഫൈനലിനിറങ്ങുന്ന വിരാട് കോലിക്കുമേല്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണുളളത്. ക്രിക്കറ്റ് ലോകകപ്പ് 2023ല്‍ ഇതുവരെയുളള ബാറ്റിങ് മികവ് താരം ഫൈനലിലും ആവര്‍ത്തിക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു.
10 മത്സരങ്ങളില്‍ നിന്നായി 101.57 ശരാശരിയില്‍ 711 റണ്‍സടിച്ചുകൂട്ടിയ വിരാട് കോലി തന്നെയാണ് ഈ ലോകകപ്പിലെ ടോപ് സ്‌കോറര്‍. മൂന്ന് സെഞ്ച്വറികളും അഞ്ച് അര്‍ധസെഞ്ച്വറികളുമാണ് ഈ ലോകകപ്പില്‍ കോലി നേടിയത്. നാളത്തെ ഫൈനലില്‍ കോലിയുടെ ഇന്നിങ്‌സ് ഇന്ത്യന്‍ ടീമിന് നിര്‍ണായകമായിരിക്കും. ടോപ് ഓര്‍ഡറില്‍ രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി എന്നിവരുടെ ഇന്നിങ്ങ്‌സുകളാണ് പിന്നീട് വരുന്ന ബാറ്റര്‍മാര്‍ക്ക് ആത്മവിശ്വാസം നല്‍കാറുളളത്.