കൊല്‍ക്കത്ത:ഏകദിന ലോകകപ്പിലെ (Cricket World Cup 2023) ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രകടനത്തെ പുകഴ്‌ത്തി ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ (Vikram Rathour). രോഹിത് നല്‍കുന്ന വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കുന്നത്. തന്‍റെ പ്രവര്‍ത്തികൾ കൂടിയാണ് രോഹിത് ടീമിനെ മുന്നില്‍ നിന്നും നയിക്കുന്ന നായകനായി മാറിയിരിക്കുന്നതെന്നാണ് വിക്രം റാത്തോറിന്‍റെ വാക്കുകള്‍ (Indian batting coach Vikram Rathour on Rohit Sharma's aggressive approach).
"തുടക്കം മുതല്‍ക്ക് തന്നെ ആക്രമിച്ചു കളിക്കുകയെന്ന് രോഹിത്തിന്‍റെ തന്നെ ആശയമാണ്. അതിനുള്ള മുൻകൈ അവന്‍ തന്നെ എടുക്കുന്നതാണ് ഓരോ മത്സരങ്ങളിലും നമുക്ക് കാണാന്‍ കഴിയുന്നത്. വിക്കറ്റില്‍ ബോളര്‍മാര്‍ക്ക് കാര്യമായ ആനുകൂല്യമുള്ളപ്പോള്‍ മാത്രമാണ് അവന്‍ ഒരല്‍പം പതുക്കെ കളിക്കുന്നത്.
രോഹിത്തിന്‍റെ ഈ ആക്രമണോത്സുക ശൈലി ടീമിന് നന്നായി ഗുണം ചെയ്യുന്നുണ്ട്. സ്വന്തം പ്രവര്‍ത്തികൊണ്ട് തന്നെ മുന്നില്‍ നിന്നും നയിക്കുന്ന ക്യാപ്റ്റനാണ് അവന്‍" വിക്രം റാത്തോര്‍ പറഞ്ഞു. ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഇന്ത്യയുടെ വിജയത്തിന് പിന്നാലെയാണ് ഇന്ത്യന്‍ ബാറ്റിങ് കോച്ച് ഇക്കാര്യം പറഞ്ഞത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രോഹിത്തും ഗില്ലും ചേര്‍ന്ന് നല്‍കിയ തുടക്കമാണ് തുടര്‍ന്ന് ഒന്നിച്ച വിരാട് കോലി Virat Kohli - ശ്രേയസ് അയ്യര്‍ സഖ്യത്തിന് സമയമെടുത്ത് കളിക്കാനുള്ള സാഹചര്യം ഒരുക്കിയതെന്നും വിക്രം റാത്തോര്‍ കൂട്ടിച്ചേര്‍ത്തു.
ഈ ലോകകപ്പില്‍ ഇതേവരെ കളിച്ച എട്ട് മത്സരങ്ങളില്‍ നിന്നും 55.25 ശരാശരിയിൽ 442 റൺസാണ് രോഹിത് നേടിയിട്ടുള്ളത്. 122.77 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുള്ളത്. ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറികളുമാണ് രോഹിത് ടൂര്‍ണമെന്‍റില്‍ നേടിയിട്ടുള്ളത്.