ന്യൂഡല്‍ഹി:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ബംഗ്ലാദേശിനെതിരായ മത്സരില്‍ ശ്രീലങ്കയുടെ വെറ്ററന്‍ താരം എയ്‌ഞ്ചലോ മാത്യൂസ് (Angelo Mathews) ഒരു പന്ത് പോലും നേരിടാതെയാണ് പുറത്തായത്. ക്രീസിലെത്തിയ ശേഷം ആദ്യ പന്ത് നേരിടാന്‍ വൈകിയതിനാല്‍ ടൈം ഔട്ട് നിയമം ആണ് എയ്‌ഞ്ചലോ മാത്യൂസിന് വിനയായത്. ശ്രീലങ്കന്‍ വെറ്ററൻ താരത്തിന്‍റെ പുറത്താവലോടെ ചര്‍ച്ചയായ ടൈം ഔട്ട് നിയമത്തെക്കുറിച്ച് അറിയാം (What Is Timed Out Law).
ക്രിക്കറ്റ് നിയമങ്ങളുടെ കാവല്‍ക്കാരായ മാരിൽബോൺ ക്രിക്കറ്റ് ക്ലബ് Marylebone Cricket Club (എംസിസി) പറയുന്നത് അനുസരിച്ച് ഒരു ബാറ്റര്‍ വിക്കറ്റായാലോ അല്ലെങ്കില്‍ മറ്റ് കാരണങ്ങളാല്‍ തിരിച്ച് കയറിയതിനോ ശേഷം ക്രീസിലെത്തുന്ന കളിക്കാരന്‍ മൂന്ന് മിനിട്ടുകള്‍ക്കകം അടുത്ത ബോള്‍ നേരിടാന്‍ തയ്യാറാവേണ്ടതുണ്ട്. അതിന് കഴിഞ്ഞില്ലെങ്കില്‍ പുതിയതായി ക്രീസിലെത്തിയ താരം ടൈം ഔട്ടാവും.
ഇനി ഒരു ബാറ്റര്‍ പുറത്തായതിന് ശേഷം അടുത്ത ബാറ്റര്‍ ക്രീസിലേക്ക് എത്താന്‍ വൈകിയാലും അമ്പയര്‍മാര്‍ക്ക് സമാന നടപടി സ്വീകരിക്കാം. ഈ വിക്കറ്റിന്‍റെ ക്രെഡിറ്റ് ബോളര്‍ക്ക് ലഭിക്കില്ല. ഈ ലോകകപ്പിന്‍റെ നിയമം ( ICC World Cup 2023 playing conditions) അനുസരിച്ച് പുതിയതായി ക്രീസിലെത്തിയ ബാറ്റര്‍ രണ്ട് മിനിട്ടിനകം ആദ്യപന്ത് നേരിടേണ്ടതുണ്ട്.
ALSO READ: ഇതാണ് ടീം ഇന്ത്യയുടെ 'സർ ജഡേജ'...കംപ്ലീറ്റ് ഓൾറൗണ്ടർ...
അതേസമയം ശ്രീലങ്കന്‍ ഇന്നിങ്‌സിന്‍റെ 25-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ സദീര സമരവിക്രമ ഔട്ടായതിന് ശേഷമായിരുന്നു എയ്‌ഞ്ചലോ മാത്യൂസ് ക്രീസിലേക്ക് എത്തുന്നത്. എന്നാല്‍ ഹെല്‍മറ്റിലെ പ്രശ്‌നത്തെ തുടര്‍ന്ന് താരത്തിന് നിശ്ചിത സമയത്തിനുള്ളില്‍ ആദ്യ പന്ത് നേരിടാന്‍ തയ്യാറാവാന്‍ കഴിയാതെ വരികയായിരുന്നു. മറ്റൊരു ഹെല്‍മറ്റ് കൊണ്ടുവരാന്‍ എയ്‌ഞ്ചലോ മാത്യൂസ് ഡഗൗട്ടിലുള്ള ടീമംഗത്തോട് ആവശ്യപ്പെട്ടുവെങ്കിലും ഇതെത്താന്‍ വൈകി.