ന്യൂഡല്‍ഹി:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ശ്രീലങ്കയുടെ വെറ്ററന്‍ താരം എയ്ഞ്ചലോ മാത്യൂസ് ഒരു പന്ത് പോലും നേരിടാതെയാണ് പുറത്തായത് (Angelo Mathews timed out in Sri Lanka vs Bangladesh Cricket World Cup 2023 match). ക്രീസിലെത്തിയതിന് ശേഷമുള്ള ആദ്യ പന്ത് നേരിടാന്‍ വൈകിയതിനാല്‍ ടൈം ഔട്ട് നിയമമാണ് എയ്ഞ്ചലോ മാത്യൂസിന് വിനയായത്.
ഹെല്‍മറ്റിലെ പ്രശ്ങ്ങളെ തുടര്‍ന്നായിരുന്നു ശ്രീലങ്കന്‍ വെറ്ററന്‍ താരത്തിന് നിശ്ചിത സമയത്തിനുള്ളില്‍ ആദ്യ പന്ത് നേരിടാന്‍ തയ്യാറാവാന്‍ കഴിയാതെ വന്നത്. മറ്റൊരു ഹെല്‍മറ്റ് കൊണ്ടുവരാന്‍ മാത്യൂസ് റിസര്‍വ് താരത്തോട് ആവശ്യപ്പെട്ടുവെങ്കിലും ഇതെത്താന്‍ വൈകി. ഇതിനിടെ എയ്ഞ്ചലോ മാത്യൂസിന്റെ വിക്കറ്റിനായി ബംഗ്ലാദേശ് താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു.
അപ്പീല്‍ പിന്‍വലിപ്പിക്കുന്നതിനായി ബംഗ്ലാദേശ് നായകന് ഷാക്കിബ് അല്‍ ഹസനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ മാത്യൂസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ ഷാക്കിബ് ഉറച്ച് നിന്നതോടെ താരത്തിന് തിരികെ കയറേണ്ടി വന്നു. മത്സത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ ഷാക്കിബിനും ബംഗ്ലാദേശിനുമെതിരെ രൂക്ഷമായ ഭാഷയിലാണ് എയ്ഞ്ചലോ മാത്യൂസ് പ്രതികരിച്ചത് (Angelo Mathews Criticizes Bangladesh Cricket Team And Shakib Al Hasan Amid Timed Out Row).
ബംഗ്ലാദേശിന്റെ തീരുമാനം ഞെട്ടിച്ചുവെന്നും വലിയ നാണക്കേടാണതെന്നുമാണ് 36-കാരനായ മാത്യൂസ് തുറന്നടിച്ചത്. "തെറ്റായി ഒന്നും തന്നെ ഞാന്‍ ചെയ്തിട്ടില്ല. അനുവദനീയമായ രണ്ട് മിനിട്ടിനുള്ളില്‍ തന്നെ ഞാന്‍ തയ്യാറായിരുന്നു. എന്നാല്‍ എന്റെ ഹെല്‍മറ്റ് തകരാറിലായി.
അതുകൊണ്ടാണ് ആദ്യ പന്ത് നേരിടുന്നതില്‍ കാലതാമസമുണ്ടായത്. എനിക്കെതിരെ അപ്പീല്‍ നടത്തിയപ്പോള്‍ ബംഗ്ലാദേശിന്റെ സാമാന്യബുദ്ധി എവിടെപ്പോയി എന്ന് എനിക്കറിയില്ല. ഷാക്കിബും ബംഗ്ലാദേശും ചെയ്തത് നാണംകെട്ട പ്രവര്‍ത്തിയാണ്. ഈ നിലവാരത്തിലാണ് അവര്‍ കളിക്കാന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ അങ്ങനെ തന്നെ ആവട്ടെ.
പക്ഷെ അതില്‍ വലിയ കുഴപ്പമുണ്ട്. ഞാന്‍ വൈകിയെങ്കില്‍ അതിന് രണ്ട് മിനിട്ട് കഴിയണം. നിയമം പറയുന്നത് എനിക്ക് തയ്യാറാവാന്‍ രണ്ട് മിനിട്ട് ഉണ്ടെന്നാണ്. എന്നാല്‍ അപ്പോഴും എനിക്ക് അഞ്ചില്‍ കൂടുതല്‍ സെക്കന്‍ഡുകള്‍ ബാക്കിയുണ്ടായിരുന്നു.