മുംബൈ:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ബംഗ്ലാദേശിനെതിരെ റണ്‍മല തീര്‍ത്ത് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 382 റണ്‍സാണ് നേടിയത് (South Africa vs Bangladesh Score Updates). ക്വിന്‍റണ്‍ ഡി കോക്കിന്‍റെയും Quinton de Kock (140 പന്തില്‍ 174) ഹെൻറിച്ച് ക്ലാസന്‍റെയും Heinrich Klaasen (49 പന്തുകളില്‍ 90) തീപ്പൊരി പ്രകടനമാണ് പ്രോട്ടീസിനെ വമ്പന്‍ നിലയിലേക്ക് എത്തിച്ചത്.
റീസ ഹെൻഡ്രിക്സ് (19 പന്തില്‍ 12), റാസി വാൻ ഡെർ ഡസ്സെൻ (7 പന്തില്‍ 1) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ 7.5 ഓവറില്‍ രണ്ടിന് 36 റണ്‍സ് എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച ക്വിന്‍റൺ ഡി കോക്കും ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രവും ചേര്‍ന്ന് ടീമിനെ ട്രാക്കിലാക്കി.
ബംഗ്ലാദേശ് ബോളര്‍മാരെ ഏറെ ശ്രദ്ധയോടെയാണ് ഇരുവരും നേരിട്ടത്. 47 പന്തുകളില്‍ നിന്നും ഡി കോക്ക് അര്‍ധ സെഞ്ചുറിയിലെത്തി. വൈകാതെ 57 പന്തുകളില്‍ നിന്നും മാര്‍ക്രവും അര്‍ധ സെഞ്ചുറിയിലെത്തി.
മികച്ച രീതിയില്‍ പോവുകയായിരുന്ന ഈ കൂട്ടുകെട്ടിനെ 31-ാം ഓവറിന്‍റെ നാലാം പന്തിലാണ് ബംഗ്ലാദേശിന് പൊളിക്കാന്‍ കഴിയുന്നത്. ഷാക്കിബ് അല്‍ ഹസന്‍റെ പന്തില്‍ മാര്‍ക്രത്തെ (69 പന്തില്‍ 60) എക്‌സ്ട്രാ കവറില്‍ ലിറ്റണ്‍ ദാസ് കയ്യിലൊതുക്കുകയായിരുന്നു. 131 റണ്‍സാണ് ഡി കോക്ക്- മാര്‍ക്രം സഖ്യം പ്രോട്ടീസ് ടോട്ടലില്‍ ചേര്‍ത്തത്.
തുടര്‍ന്നെത്തിയ ഹെൻറിച്ച് ക്ലാസനൊപ്പം ഇന്നിങ്‌സ് മുന്നോട്ട് നയിച്ച ഡി കോക്ക് 101 പന്തുകളില്‍ നിന്നും സെഞ്ചുറിയിലേക്ക് എത്തി. ഏകദിന ലോകകപ്പില്‍ താരത്തിന്‍റെ മൂന്നാം സെഞ്ചുറിയാണിത്. മൂന്നക്കം തൊട്ടതിന് ശേഷം ഗിയര്‍ മാറ്റിയ താരം ക്ലാസനൊപ്പം ചേര്‍ന്ന് ബംഗ്ലാ ബോളര്‍മാരെ കടന്നാക്രമിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. 34 പന്തുകളില്‍ നിന്നും ക്ലാസനും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.