മുംബൈ:ബംഗ്ലാദേശെന്ന അവസാന സ്‌റ്റോപ്പും വിജയകരമായി പിന്നിട്ട് ജൈത്രയാത്ര തുടര്‍ന്ന് ദക്ഷിണാഫ്രിക്ക. ഏകദിന ലോകകപ്പില്‍ബംഗ്ലാദേശിനെ 149 റണ്‍സിന് തകര്‍ത്താണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ സ്വപ്‌നകിരീടത്തിലേക്കുള്ള ദൂരം കുറച്ചത്. ആദ്യം ബാറ്റ് ചെയ്‌ത് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 382 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയ പ്രോട്ടീസ്, അത് മറികടക്കാനെത്തിയ ബംഗ്ലാ കടുവകളെ എറിഞ്ഞിടുകയായിരുന്നു.
ദക്ഷിണാഫ്രിക്ക പടുത്തുയര്‍ത്തിയ 382 റണ്‍സ് വിജയലക്ഷ്യം അല്‍പം ഭയത്തോടെ തന്നെയാണ് ബംഗ്ലാദേശ് മറികടക്കാനെത്തിയത്. കാഗിസോ റബാഡയും മാര്‍ക്കോ ജാന്‍സനും ഉള്‍പ്പെടുന്ന പേസ് നിരയ്‌ക്ക് മുന്നില്‍ പതറാതെ മുന്നേറി വേണം വിജയം സ്വന്തമാക്കാനെന്ന ബോധ്യവും ഇവര്‍ക്കുണ്ടായിരുന്നു. ഇത് ക്രീസില്‍ നടപ്പിലാക്കുന്നതിനായി ഓപണര്‍മാരായ തന്‍സിദ് ഹസനും ലിറ്റന്‍ ദാസുമെത്തി.
വീണുടഞ്ഞ് മുന്നേറ്റനിര:തുടക്കത്തില്‍ ഇരുവരും കരുതലോടെ തന്നെയാണ് ബാറ്റുവീശിയത്. അതുകൊണ്ടുതന്നെ സ്‌കോര്‍ബോര്‍ഡിന്‍റെ ചലനവും പതുക്കെയായിരുന്നു. എന്നാല്‍ ഏഴാം ഓവറില്‍ തന്‍സിദ് ഹസനെ (12) മടക്കി മാര്‍ക്കോ ജാന്‍സന്‍, ഈ കരുതല്‍ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ഹെന്‍റിച്ച് ക്ലാസന്‍റെ കൈകളിലൊതുങ്ങിയായിരുന്നു തന്‍സിദിന്‍റെ മടക്കം.
തൊട്ടുപിന്നാലെയിറങ്ങിയ നജ്‌മുല്‍ ഹൊസൈന്‍ ഷാന്‍റോയെ ആദ്യ പന്തില്‍ തന്നെ മടക്കി ജാന്‍സന്‍ വീണ്ടും ബംഗ്ലാദേശിനെ പരീക്ഷിച്ചു. പിന്നാലെ ബംഗ്ലാ പ്രതീക്ഷകളുമായി നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ എത്തിയെങ്കിലും നേരിട്ട നാലാം പന്തില്‍ ഷാക്കിബും മടങ്ങി. നിര്‍ണായക മത്സരത്തിലെ അതിനിര്‍ണായക നിമിഷത്തില്‍ ഒരു റണ്‍ മാത്രമെടുത്തായിരുന്നു നായകന്‍റെ തിരിച്ചുകയറ്റം. ഇതോടെ എട്ട് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 31റണ്‍സ് എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്.
മഹ്‌മൂദുള്ള ഇന്നിങ്‌സ്:പിന്നാലെയെത്തിയ മുഷ്‌ഫിഖുര്‍ റഹ്‌മാനും ഇത്തവണ കാര്യമായൊന്നും ചെയ്യാനായില്ല. ജെറാള്‍ഡ് കോട്‌സീയുടെ പന്തുകളില്‍ മടങ്ങിക്കയറുമ്പോള്‍ കേവലം എട്ട് റണ്‍സ് മാത്രമെ ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് നേടാനായുള്ളു. എന്നാല്‍ ബംഗ്ലാദേശ് ആരാധകര്‍ക്ക് പ്രതീക്ഷയുടെ നാളമായി മഹ്‌മൂദുള്ള അവതരിച്ചു. ഒരറ്റത്ത് ലിറ്റന്‍ ദാസ് (22), മെഹിദി ഹസന്‍ മിറാസ് (11), നാസും അഹ്‌മദ് (19), ഹസന്‍ മഹ്‌മീദ് (15) എന്നിവര്‍ വീണപ്പോഴും മഹ്‌മൂദുള്ള ഉറച്ചുനിന്നു. ഇതോടെ ബംഗ്ലാദേശ് സ്‌കോര്‍ബോര്‍ഡും ഉണര്‍ന്നു.
അതിവേഗം വിക്കറ്റുകള്‍ പിഴുതെറിഞ്ഞ് വമ്പന്‍ വിജയം സ്വന്തമാക്കാമെന്ന ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ ഇതോടെ നീണ്ടുപോയി. കരുതലോടെ ബാറ്റുവീശിയ മഹ്‌മൂദുള്ള, അനിവാര്യ ഘട്ടങ്ങളില്‍ സിക്‌സറുകളും ബൗണ്ടറികളും കണ്ടെത്തി അര്‍ദ്ധ സെഞ്ചുറിയും തുടര്‍ന്ന് സെഞ്ചുറിയും നേടി. ഇതോടെ വിജയമധുരം കുറയുമോ എന്ന പ്രതീതിയും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഉയര്‍ന്നു.
എന്നാല്‍ 46 ആം ഓവറിലെ നാലാം പന്തില്‍ മഹ്‌മൂദുള്ളയെ തിരിച്ചയച്ച് റബാഡ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ വീണ്ടും പുഞ്ചിരി തിരിച്ചെത്തിച്ചു. തൊട്ടുപിന്നാലെ മുസ്‌തഫിസുര്‍ റഹ്‌മാനും മടങ്ങിയതോടെ ബംഗ്ലദേശിന്‍റെ ചെറുത്തുനില്‍പ്പ് 233 റണ്‍സില്‍ ഒതുങ്ങി. അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കായി ജെറാള്‍ഡ് കോട്‌സി മൂന്നും മാര്‍ക്കോ ജാന്‍സന്‍, കാഗിസോ റബാഡ, ലിസാഡ് വില്യംസ് രണ്ട് വീതം വിക്കറ്റുകളും വീഴ്‌ത്തി. 10 ഓവറുകളില്‍ 32 റണ്‍സ് മാത്രം വഴങ്ങി കേശവ് മഹാരാജും ഒരു വിക്കറ്റ് വീഴ്‌ത്തി.