അഹമ്മദാബാദ്:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) അഫ്‌ഗാനിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് 245 റണ്‍സിന്‍റെ വിജയ ലക്ഷ്യം (South Africa vs Afghanistan Score Updates). ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ അഫ്‌ഗാന്‍ 20 ഓവറില്‍ 244 റണ്‍സില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. കൂട്ടത്തകര്‍ച്ചയ്‌ക്കിടെ പൊരുതി നിന്ന അസ്മത്തുള്ള ഒമർസായിയുടെ (Azmatullah Omarzai) പ്രകടനമാണ് ടീമിനെ മാന്യമായ നിലയിലേക്ക് എത്തിച്ചത്.
107 പന്തില്‍ പുറത്താവാതെ 97 റണ്‍സാണ് താരം നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കായി ജെറാൾഡ് കോറ്റ്സി 10 ഓവറില്‍ 44 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. ആദ്യ വിക്കറ്റില്‍ 41 റണ്‍സ് ചേര്‍ത്ത് ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും അഫ്‌ഗാന് അത്ര മോശമല്ലാത്ത തുടക്കം നല്‍കിയിരുന്നു. റഹ്മാനുള്ള ഗുർബാസിനെ (22 പന്തില്‍ 25) ആയിരുന്നു ടീമിന് ആദ്യം നഷ്‌ടമായത്.
കേശവ് മഹാരാജിനായിരുന്നു വിക്കറ്റ്. എന്നാല്‍ പിന്നാലെ തന്നെ ഇബ്രാഹിം സദ്രാനും (30 പന്തില്‍ 15), ക്യാപ്റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദിയും (7 പന്തില്‍ 2) തിരികെ കയറിയതോടെ അഫ്‌ഗാന്‍ 10.5 ഓവറില്‍ മൂന്നിന് 45 എന്ന നിലയിലേക്ക് പ്രതിരോധത്തിലായി. സദ്രാനെ ജെറാൾഡ് കോറ്റ്സിയും ഹഷ്‌മത്തുള്ളയെ കേശവ് മഹാരാജുമായിരുന്നു മടക്കിയത്. തുടര്‍ന്ന് ഒന്നിച്ച ലുങ്കി റഹ്‌മത്ത് ഷായും- അസ്മത്തുള്ള ഒമർസായിയും കൂട്ടത്തകര്‍ച്ച ഒഴിവാക്കാനുള്ള ശ്രമം നടത്തി.
ശ്രദ്ധയോടെ കളിച്ച ഇരുവരും 49 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. 24-ാം ഓവറില്‍ റഹ്‌മത്ത് ഷായെ (46 പന്തില്‍ 26) ഡേവിഡ് മില്ലറുടെ കയ്യിലെത്തിച്ച് ലുങ്കി എൻഗിഡി ആയിരുന്നു പ്രോട്ടീസിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് അസ്മത്തുള്ള ഒമർസായി ഒരറ്റത്ത് നിന്നെങ്കിലും ഇക്രാം അലിഖിൽ (14 പന്തില്‍ 12), മുഹമ്മദ് നബി (3 പന്തില്‍ 2) എന്നിവര്‍ നിരാശപ്പെടുത്തി. റാഷിദ് ഖാനും (30 പന്തില്‍ 14) കാര്യമായ പ്രകടനം നടത്താനായില്ല.