മുംബൈ:ഏകദിന ലോകകപ്പിൽ (Cricket World Cup 2023) ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളും വിജയിച്ച ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ച് കഴിഞ്ഞു. ഇതിനിടെ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്ക് (Shreyas Iyer) ചില വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ടീമിന്‍റെ ആദ്യ ആറ് മത്സരങ്ങളില്‍ നിന്നു ഒരു അര്‍ധസെഞ്ചുറി ഉള്‍പ്പടെ 134 റണ്‍സ് മാത്രമായിരുന്നു ശ്രേയസിന് നേടാന്‍ കഴിഞ്ഞത്. ഇതില്‍ ഏറിയ മത്സരങ്ങളിലും ഷോട്ട് ബോളുകളിലായിരുന്നു ശ്രേയസ് പുറത്തായത്.
ഇതോടെ ഷോട്ട് ബോള്‍ കളിക്കാന്‍ അറിയാത്ത താരമെന്ന കടുത്ത വിമര്‍ശനമാണ് 28-കാരന് നേരിടേണ്ടി വന്നത് (Shreyas Iyer Short Ball Issue). ഇതു സംബന്ധിച്ച് വാര്‍ത്ത സമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തോട് രൂക്ഷമായി ആയിരുന്നു ശ്രേയസ് മറുപടി നല്‍കിയത്. ഇതിന് പിന്നാലെ വിഷയത്തില്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചിരിക്കുകയാണ് താരത്തിന്‍റെ അച്ഛന്‍ സന്തോഷ് അയ്യര്‍ (Shreyas Iyer father Santosh Iyer). ഷോട്ട് ബോളില്‍ ശ്രേയസ് പ്രയാസപ്പെടുന്നുവെന്നത് തെറ്റായ വ്യാഖ്യാനമാണെന്നാണ് അദ്ദേഹം പറയുന്നത്.
"ഷോട്ട് ബോളുകള്‍ക്ക് എതിരെ അവന്‍ പ്രയാസപ്പെടുന്നുവെന്ന് പറയുന്നത് തീര്‍ത്തും തെറ്റാണ്. അവനൊരു മികച്ച കളിക്കാരനാണ്. എല്ലാ കളിക്കാര്‍ക്കും അവരുടെ ഗെയിമില്‍ ചില പോസിറ്റീവും നെഗറ്റീവുമുണ്ട്, മുന്നോട്ട് പോകുമ്പോൾ അവർ അതിൽ പ്രവർത്തിക്കണം", സന്തോഷ് അയ്യര്‍ പറഞ്ഞു.