മുംബൈ:ഇന്ത്യയുടെ മധ്യനിരയില്‍ സമീപകാലത്തായി സ്ഥിരക്കാരനാണ് ശ്രേയസ് അയ്യര്‍ (Shreyas Iyer). എന്നാല്‍ ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) താരത്തിന് കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇതേവരെയുള്ള ആറ് മത്സരങ്ങളില്‍ നിന്നും 33.5 ശരാശരിയില്‍ വെറും 134 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഒരോ മത്സരങ്ങള്‍ കഴിയുമ്പോളും പേസര്‍മാരുടെ ഷോട്ട് ബോളുകള്‍ക്കെതിരെയുള്ള ശ്രേയസിന്‍റെ ദൗര്‍ബല്യമാണ് കൂടുതല്‍ വെളിപ്പെട്ടത് (Shreyas Iyer pull shot ).
അവസാനം കളിച്ച ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 16 പന്തുകളില്‍ നല് റണ്‍സ് മാത്രമാണ് ശ്രേയിസിന് നേടാന്‍ കഴിഞ്ഞത്. താരത്തിനെതിരെ എറിഞ്ഞ പന്തുകളില്‍ ഷോട്ട് പിച്ച് ബോളുകളായിരുന്നു ഇംഗ്ലീഷ് പേസര്‍മാര്‍ കൂടുതലും പരീക്ഷിച്ചത്. ഒടുവില്‍ ക്രിസ് വോക്‌സിന്‍റെ ഷോട്ട് ബോളില്‍ പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രേയസിന്‍റെ ശ്രമം പുറത്താവലില്‍ കലാശിക്കുകയും ചെയ്‌തു.
നേരത്തെ ന്യൂസിലന്‍ഡിനും പാകിസ്ഥാനും എതിരായ മത്സരങ്ങളിലും പുള്‍ ഷോട്ട് പാളിയതോടെയാണ് ശ്രേയസിന് തിരിച്ച് കയറേണ്ടി വന്നത്. ഇതിന് പിന്നാലെ പുള്‍ ഷോട്ട് കളിക്കേണ്ടത് എങ്ങിനെയെന്നുള്ള ശ്രേയസിന്‍റെ ട്യൂട്ടോറിയൽ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പുള്‍ ഷോട്ടിനെക്കുറിച്ച് ഏറെ വിശദമായി തന്നെ വീഡിയോയില്‍ ശ്രേയസ് സംസാരിക്കുന്നുണ്ട്.
അതേസമയം ഹാര്‍ദിക് പാണ്ഡ്യയുടെ (Hardik Pandya) മടങ്ങി വരവോടെ മോശം പ്രകടനം നടത്തുന്ന ശ്രേയസ് അയ്യര്‍ ടീമിന് പുറത്താവുമെന്നാണ് പൊതുവെ സംസാരമുള്ളത്. ഒക്‌ടോബര്‍ 19-ന് പൂനയില്‍ നടന്ന മത്സരത്തിനിടെ ഇടതു കണങ്കാലിന് പരിക്ക് പറ്റിയ ഹാര്‍ദിക് പാണ്ഡ്യ നിവലില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്.