ധര്‍മ്മശാല:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്കെതിരെ അക്കൗണ്ട് തുറക്കാന്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയ്‌ക്ക് (Devon Conway) കഴിഞ്ഞിരുന്നില്ല. അപകടകാരിയായ കോണ്‍വേയെ മുഹമ്മദ് സിറാജാണ് (mohammed siraj) തിരിച്ചയച്ചത്. എന്നാല്‍ ഈ വിക്കറ്റിന്‍റെ ക്രെഡിറ്റ് ശ്രേയസ് അയ്യര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. ശ്രേയസിന്‍റെ ഒരു തകര്‍പ്പന്‍ ക്യാച്ചാണ് കിവീസ് ഓപ്പണറുടെ പുറത്താവലിന് വഴിയൊരുക്കിയത് (Shreyas Iyer's diving catch to dismiss Devon Conway in India vs New Zealand Cricket World Cup 2023 match).
നാലാം ഓവറിന്‍റെ മൂന്നാം പന്തിലായിരുന്നു ഡെവോണ്‍ കോണ്‍വേ പുറത്താവുന്നത്. സിറാജിനെതിരെയുള്ള കോണ്‍വേയുടെ ഫ്ലിക്ക് ഷോട്ട് സ്ക്വയർ ലെഗിലാണ് ശ്രേയസ് പിടികൂടുന്നത്. വലതുവശത്തേക്ക് ഏറെ താഴ്‌ന്ന് വന്ന പന്ത് ഒരു മുഴുനീള ഡൈവിലൂടെ ഏറെ അവിശ്വസനീയമാം വിധം ഇരു കൈകളാലാണ് താരം പിടികൂടിയത്. തിരികെ മടങ്ങും മുമ്പ് ഒമ്പത് പന്തുകളായിരുന്നു കോണ്‍വേ നേരിട്ടിരുന്നത്.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) കിവീസിനെ ആദ്യം ബാറ്റ് ചെയ്യാന്‍ അയയ്‌ക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കിവീസിനെതിരെ കളിക്കുന്നത്. മുഹമ്മദ് ഷമിയും സൂര്യകുമാര്‍ യാദവും ടീമിലെത്തി.