ന്യൂഡല്‍ഹി:ഏകദിന ലോകകപ്പില്‍ ( Cricket World Cup 2023 ) ശ്രീലങ്കയ്‌ക്ക് എതിരായ മത്സരത്തിലെ ടൈം ഔട്ട് വിവാദം കത്തി നില്‍ക്കെ ബംഗ്ലാദേശിന് കനത്ത തിരിച്ചടി. പരിക്കേറ്റ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ നിന്നും പുറത്തായി (Bangladesh skipper Shakib Al Hasan ruled out of the Cricket World Cup 2023 ).
ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്ക് എതിരായ മത്സരത്തിനിടെ ഷാക്കിബന്‍റെ ഇടത് കൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റിരുന്നു (Shakib Al Hasan Injury). ഇതോടെ ഏകദിന ലോകകപ്പിലെ ബംഗ്ലാദേശിന്‍റെ അവസാന മത്സരത്തില്‍ ഷാക്കിബിന് കളിക്കാനാവില്ല. നവംബര്‍ 11 പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയെ (Australia vs Bangladesh) ആണ് തങ്ങളുടെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് നേരിടുന്നത്.
36-കാരനായ ഷാക്കിബിന്‍റെ അവസാന ലോകകപ്പ് ആവുമിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ശ്രീലങ്കയ്‌ക്ക് എതിരായ മത്സരത്തില്‍ ബാറ്റുചെയ്യവേയാണ് 36-കാരനായ ഷാക്കിബിന് പരിക്കേല്‍ക്കുന്നത്. ഇന്നിങ്സിന്‍റെ തുടക്കത്തില്‍ തന്നെ പരിക്കേറ്റ താരം ടേപ്പിംഗും വേദനസംഹാരികളും ഉപയോഗിച്ചാണ് ബാറ്റിങ് തുടര്‍ന്നത്.
പിന്നീട് വിശദ പരിശോധനയ്‌ക്കായി എടുത്ത എക്‌സ് റേയില്‍ താരത്തിന്‍റെ വിരലിന് പൊട്ടലുണ്ടെന്ന് വ്യക്തമായതായി ബംഗ്ലാദേശ് ടീം ഫിസിയോ ബെയ്ജെദുൽ ഇസ്ലാം ഖാൻ അറിയിച്ചു. ശ്രീലങ്ക മൂന്ന് വിക്കറ്റിന് തോല്‍വി സമ്മതിച്ച മത്സരത്തില്‍ ബംഗ്ലാദേശിന്‍റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് ഷാക്കിബ് ആയിരുന്നു. 65 പന്തില്‍ 82 റണ്‍സടിച്ച താരം ടീമിന്‍റെ ടോപ് സ്‌കോററായി. പന്തെടുത്തപ്പോള്‍ കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ എന്നീ നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു.