അഹമ്മദാബാദ് : ഇന്ത്യൻ ബാറ്റിങ് യൂണിറ്റിലെ പ്രധാന ഭീഷണികളിൽ ഒരാളാണ് രോഹിത് ശർമയെന്ന് (Rohit Sharma) പാകിസ്ഥാന്‍റെ പ്രീമിയം പേസര്‍ ഷഹീൻ ഷാ അഫ്രീദി (Shaheen Shah Afridi on Rohit Sharma). ഇന്ത്യൻ ബാറ്റിങ് നിരയെ സമ്മർദത്തിലാക്കാനുള്ള ഏക മാർഗം രോഹിത് ശർമയെ നേരത്തെ പുറത്താക്കുക എന്നതാണെന്നും പാക് താരം പറഞ്ഞു. ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്കെതിരായ (India vs Pakistan) മത്സരത്തിനിറങ്ങും മുമ്പാണ് ഷഹീൻ ഷാ അഫ്രീദിയുടെ (Shaheen Shah Afridi) വാക്കുകള്‍.
'ഇന്ത്യയ്‌ക്കായി രോഹിത് ശർമ നിരവധി റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. ബോളെറിയാന്‍ ഏറെ പ്രയാസമുള്ള ബാറ്ററാണ് അദ്ദേഹം. ബാറ്റിങ് യൂണിറ്റിലെ പ്രധാനികളിലൊരാള്‍. അദ്ദേഹത്തെ കഴിയുന്നതും നേരത്തെ പുറത്താക്കി ടീമിനെ സമ്മർദത്തിലാക്കുക എന്നതാണ് ഞങ്ങളുടെ ആശയം. ഇന്ത്യന്‍ ക്യാപ്റ്റനെ നേരത്തെ പുറത്താക്കാന്‍ കഴിഞ്ഞാല്‍ തുടര്‍ന്നെത്തുന്നവര്‍ക്ക് അതു സമ്മര്‍ദം നല്‍കും' - ഷഹീൻ ഷാ അഫ്രീദി പറഞ്ഞു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കുന്നത്. ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയേയും രണ്ടാമത്തെ കളിയില്‍ അഫ്‌ഗാനിസ്ഥാനെയുമായിരുന്നു ഇന്ത്യ തോല്‍പ്പിച്ചത്. നെതര്‍ലന്‍ഡ്‌സ്, ശ്രീലങ്ക ടീമുകളെ കീഴടക്കിയാണ് പാക് ടീം എത്തുന്നത്.