ഹൈദരാബാദ്:ഏകദിന ലോകകപ്പ് (Cricket World Cup 2023) പോരാട്ടങ്ങള്‍ നിര്‍ണായക ഘട്ടത്തിലാണ്. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഏറെക്കുറെ അവസാനത്തിലേക്ക് എത്തിയെങ്കിലും ഒരു ടീമിനും ഇതേവരെ സെമി ഫൈനല്‍ യോഗ്യത ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കളിച്ച ആറ് മത്സരങ്ങളില്‍ മുഴുവന്‍ വിജയിച്ച ആതിഥേയരായ ഇന്ത്യയാണ് (Indian Cricket Team) നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
സെമി ഫൈനലിന് തൊട്ടടുത്താണെങ്കിലും സാങ്കേതികമായി ടീമിന് ഇതേവരെ അവസാന നാലിലേക്ക് യോഗ്യത ലഭിച്ചിട്ടില്ല. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്‌സ് എന്നീ ടീമുകള്‍ക്ക് എതിരായി മൂന്ന് മത്സരങ്ങളാണ് ഇനി രോഹിത് ശര്‍മയ്‌ക്കും (Rohit Sharma) സംഘത്തിനും കളിക്കാനുള്ളത്. ഈ ഘട്ടത്തില്‍ നിന്നും ടീമിന്‍റെ സെമിഫൈനല്‍ സാധ്യതകള്‍ പരിശോധിക്കാം. (Semi Final Qualification Scenario For India in Cricket World Cup 2023 ).
കളിച്ച ആറ് മത്സരങ്ങളില്‍ നിന്നുള്ള വിജയത്തോടെ നിലവിൽ 12 പോയിന്‍റാണ് ഇന്ത്യയ്‌ക്ക് ഉള്ളത്. ടീമിനെ സംബന്ധിച്ച് ലോകകപ്പിന്‍റെ സെമി ബര്‍ത്ത് സാങ്കേതികമായി വെറും ഒരു പോയിന്‍റ് മാത്രം അകലെയാണ്. കളിക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഒരെണ്ണം വിജയിക്കുകയോ അല്ലെങ്കില്‍ സമനിലയിലാവുകയോ ചെയ്‌താല്‍ തന്നെ ഇന്ത്യയ്‌ക്ക് പാട്ടും പാടി അവസാന നാലിലേക്ക് എത്താം.
ഇനി ഇന്ത്യ മൂന്ന് മത്സരങ്ങളും തോറ്റാലും അഫ്‌ഗാനിസ്ഥാന്‍ ഒരു മത്സരത്തില്‍ തോല്‍വി വഴങ്ങിയാലും ഇന്ത്യയ്‌ക്ക് സെമിയിലേക്ക് എത്താം. കാരണം നിലവിലെ പോയിന്‍റ് പട്ടികയില്‍ ആദ്യ നാലിന് പുറത്തുള്ള അഫ്‌ഗാനിസ്ഥാന്‍ ഒഴികെയുള്ള മറ്റ് ടീമുകള്‍ക്ക് 12 പോയിന്‍റേക്ക് എത്താന്‍ കഴിയില്ല. ഇതേവരെ കളിച്ച ആറ് മത്സരങ്ങളില്‍ മൂന്ന് വിജയം നേടിയ അഫ്‌ഗാനിസ്ഥാന് ആറ് പോയിന്‍റുണ്ട്.