മുംബൈ :വാങ്കഡെയില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെയും ലോകമൊട്ടാകെയുള്ള കായികപ്രേമികളെയും സാക്ഷിയാക്കി ഇന്ത്യന്‍ സ്‌റ്റാര്‍ ബാറ്റര്‍ വിരാട് കോലി, ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടം സ്വന്തമാക്കിയപ്പോള്‍ അതിന് നേര്‍സാക്ഷിയായിരുന്നു ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്‍റേതായുള്ള 49 ഏകദിന സെഞ്ചുറികളെ മറികടന്നായിരുന്നു ന്യൂസിലാന്‍ഡിനെതിരെയുള്ള സെമി ഫൈനല്‍ പോരാട്ടത്തില്‍ കോലി ചരിത്രം കുറിച്ചത്. തന്‍റെ നേട്ടം പിന്നിടുകയും ചരിത്രനേട്ടം കൈവരിക്കുകയും ചെയ്‌ത കോലിയെ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രശംസകൊണ്ട് മൂടുന്നതാണ് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്.
ഹൃദയം തൊട്ടവന്‍ വിരാട് :ഇന്ത്യന്‍ ഡ്രസ്സിങ് റൂമില്‍ വച്ച് ആദ്യമായി അവനെ കാണുമ്പോള്‍, സഹതാരങ്ങള്‍ അവനോട് എന്‍റെ കാലുതൊട്ട് വന്ദിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് എനിക്ക് ചിരി അടക്കാനായില്ല. പക്ഷേ വൈകാതെ തന്‍റെ പാഷനും കഴിവും കൊണ്ട് അവന്‍ എന്‍റെ ഹൃദയം തൊട്ടു. ആ ചെറിയ പയ്യന്‍ വളര്‍ന്ന് വിരാട് എന്ന താരമായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് സച്ചിന്‍ മനസുതുറന്നു.
ഒരു ഇന്ത്യക്കാരന്‍ എന്‍റെ റെക്കോഡ് തകര്‍ത്തതില്‍ എനിക്ക് സന്തോഷിക്കാനാവില്ല, എന്നാല്‍ ലോകകപ്പിന്‍റെ സെമി ഫൈനല്‍ പോലെയുള്ള ഒരു വലിയ വേദിയില്‍, അതും എന്‍റെ സ്വന്തം ഹോം ഗ്രൗണ്ടില്‍ അത് നേടി എന്നത് അവിസ്‌മരണീയം തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.