ബെംഗളൂരൂ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) മിന്നും പ്രകടനം തുടരുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഗ്രൂപ്പ് ഘട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ (India vs Netherlands) മത്സരത്തിലും തുടക്കം തൊട്ട് തന്നെ രോഹിത് ഫയറായി. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്‌തമായി ഏഴാം ഓവറിലാണ് ഹിറ്റ്‌മാന്‍ തന്‍റെ ഇന്നിങ്‌സിലെ ആദ്യ സിക്‌സര്‍ പറത്തുന്നത്.
ഈ സിക്‌സറോടെ മറ്റൊരു ലോക റെക്കോഡിട്ടിരിക്കുകയാണ് 36-കാരനായ രോഹിത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ രോഹിത് നേടിയ ആദ്യ സിക്‌സര്‍ ഈ വര്‍ഷം ഏകദിനത്തില്‍ രോഹിത് നേടുന്ന 59-ാമത്തെ സിക്‌സറായിരുന്നു (Rohit Sharma Surpasses AB De Villiers For Most ODI Sixes In Calendar Year in Cricket World Cup 2023 India vs Netherlands match).
ഇതോടെ ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം എബി ഡിവില്ലിയേഴ്‌സിന്‍റെ (AB de Villiers) റെക്കോഡാണ് പൊളിഞ്ഞത്. 2015-ല്‍ 58 സിക്‌സറുകളാണ് എബി ഡിവില്ലിയേഴ്‌സ് അടിച്ചിരുന്നത്. 2019-ല്‍ 56 സിക്‌സറുകള്‍ നേടിയിട്ടുള്ള വെസ്റ്റ് ഇന്‍ഡീസിന്‍റെ ക്രിസ് ഗെയ്‌ല്‍ (Chris Gayle), 2002-ല്‍ 48 സിക്‌സറിടിച്ച പാകിസ്ഥാന്‍റെ ഷാഹിദ് അഫ്രീദി (Shahid Afridi) എന്നിവരാണ് പിന്നിലുള്ളത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോഡ് നേരത്തെ തന്നെ ഹിറ്റ്‌മാന്‍ പോക്കറ്റിലാക്കിയിരുന്നു.