ന്യൂഡല്‍ഹി :ഏകദിന ലോകകപ്പിലെ (Cricket World Cup 2023) രണ്ടാം മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെതിരെ 8 വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത് (India vs Afghanistan Match Result). ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഫ്‌ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യം 90 പന്തുകള്‍ ശേഷിക്കെയായിരുന്നു ഇന്ത്യ മറികടന്നത്. നായകന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയും വിരാട് കോലിയുടെ അര്‍ധസെഞ്ച്വറിയുമായിരുന്നു മത്സരത്തില്‍ ടീം ഇന്ത്യയ്‌ക്ക് എളുപ്പത്തില്‍ ഒരു ജയം സമ്മാനിച്ചത്.
തുടക്കം മുതല്‍ തകര്‍ത്തടിച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 84 പന്തില്‍ 131 റണ്‍സ് നേടിയാണ് പുറത്തായത്. 155.95 പ്രഹരശേഷിയില്‍ ബാറ്റ് വീശിയ ഇന്ത്യന്‍ നായകന്‍ 16 ഫോറും അഞ്ച് സിക്‌സറുകളുമാണ് മത്സരത്തില്‍ അടിച്ചെടുത്തത്. മത്സരത്തില്‍ അഫ്‌ഗാന്‍ ബൗളര്‍മാരെ ഇത്രയും തവണ ഗാലറിയിലേക്ക് അടിച്ചുപറത്തിയതോടെ ഒരു റെക്കോഡും രോഹിത് ശര്‍മ തന്‍റെ പേരിലാക്കി.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമായിട്ടാണ് ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ മാറിയത്. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റില്‍ നിന്നായി 553 സിക്‌സറുകള്‍ നേടിയിട്ടുള്ള ക്രിസ് ഗെയിലിന്‍റെ റെക്കോഡാണ് അഫ്‌ഗാനെതിരായ പ്രകടനത്തോടെ രോഹിത് ശര്‍മ മറികടന്നത്. നിലവില്‍ 453 മത്സരങ്ങളില്‍ നിന്നായി 556 സിക്‌സറുകളാണ് രോഹിത് ഗാലറിയിലേക്ക് എത്തിച്ചിട്ടുള്ളത്.