മുംബൈ:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്കായുള്ള തന്‍റെ സിക്‌സറടി മികവ് തുടരുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma). ന്യൂസിലന്‍ഡിനെതിരായ (India vs New Zealand) സെമി ഫൈനല്‍ മത്സരത്തില്‍ അഞ്ച് ഓവറുകള്‍ പിന്നിടും മുമ്പ് മൂന്ന് സിക്‌സറുകളാണ് രോഹിത് ശര്‍മ പറത്തിയത്. ഇതോടെ സിക്‌സറുകളില്‍ വീണ്ടും ചില റെക്കോഡുകള്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിരിക്കുകയാണ് ഹിറ്റ്‌മാന്‍.
ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരവും, ലോകകപ്പിന്‍റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരവും ഇപ്പോള്‍ രോഹിത് ശര്‍മയാണ്. ഇരു നേട്ടത്തിലും വെസ്റ്റ് ഇന്‍ഡീസിന്‍റെ ക്രിസ് ഗെയ്‌ലിനെയാണ് രോഹിത് പിന്നിലാക്കിയത് (Rohit Sharma Breaks Chris Gayle Six Record in Cricket World Cup).
ആകെ 49 സിക്‌സറുകളടിച്ചുകൊണ്ടായിരുന്നു ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളെന്ന റെക്കോഡ് ഗെയ്‌ല്‍ സ്വന്തമാക്കി വച്ചിരുന്നത്. കിവീസിനെതിരായ ആദ്യ മൂന്ന് സിക്‌സറുകളോടെ ലോകകപ്പില്‍ രോഹിത്തിന്‍റെ സിക്‌സറുകളുടെ എണ്ണം അന്‍പതിലേക്ക് എത്തി (Rohit Sharma hits Most sixes Cricket World Cup).
43 സിക്‌സറുകളുമായി ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്‍, 37 സിക്‌സറുകള്‍ വീതമുള്ള ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്, ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് പിന്നിലുള്ളത്. ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളെന്ന റെക്കോഡ് 2015-ലായിരുന്നു ഗെയ്‌ല്‍ നേടിയത്. അന്ന് 26 സിക്‌സറുകളായിരുന്നു വെസ്റ്റ് ഇന്‍ഡീസ് താരം പറത്തിയത്.