കേരളം

kerala

ETV Bharat / sports

'വിട്ടുകളയല്ലേ മക്കളേ, ഇത്തവണ നേടിയില്ലെങ്കില്‍ ഇനി 3 പതിപ്പുകളെങ്കിലും കാത്തിരിക്കേണ്ടിവരും'; മുന്നറിയിപ്പുമായി രവി ശാസ്‌ത്രി

Ravi Shastri On Indian Team : ഏകദിന ലോകകപ്പ് നേടാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ ഇന്ത്യയ്‌ക്ക് മുന്നിലുള്ളതെന്ന് മുന്‍ പരിശീലകനും താരവുമായിരുന്ന രവി ശാസ്‌ത്രി

Ravi Shastri on Indian Team  Cricket World Cup 2023  India vs New Zealand  ഏകദിന ലോകകപ്പ് 2023  ഇന്ത്യ vs ന്യൂസിലന്‍ഡ്  രവി ശാസ്‌ത്രി  Ravi Shastri
Ravi Shastri Indian Team Cricket World Cup 2023

By ETV Bharat Kerala Team

Published : Nov 12, 2023, 4:39 PM IST

മുംബൈ :ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) മിന്നും പ്രകടനത്തോടെ സെമി ഫൈനല്‍ ഉറപ്പിച്ച ഇന്ത്യന്‍ ടീമിന് വമ്പന്‍ മുന്നറിയിപ്പുമായി മുന്‍ താരവും പരിശീലകനുമായിരുന്ന രവി ശാസ്‌ത്രി (Ravi Shastri’s message to Indian Team). ഏകദിന ലോകകപ്പ് നേടാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ ഇന്ത്യയ്‌ക്ക് മുന്നിലുള്ളത്. ഇത്തവണ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ടൂര്‍ണമെന്‍റില്‍ വീണ്ടുമൊരു കിരീടത്തിനായി ഇന്ത്യയ്‌ക്ക് ഇനി മൂന്ന് പതിപ്പുകളെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നുമാണ് രവി ശാസ്‌ത്രി പറയുന്നത്.

"അവസാനമായി ഇന്ത്യ ഏകദിന ലോകകപ്പ് നേടിയത് 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ലോകകപ്പ് വീണ്ടും നേടാനുള്ള അവസരമാണ് ഇത്തവണ ടീമിന് മുന്നിലുള്ളത്. ടൂര്‍ണമെന്‍റില്‍ ടീമിന്‍റെ പ്രകടനം വച്ച് നോക്കിയാല്‍ ഇതിലും വലിയ ഒരു അവസരം ഇനി ഉണ്ടാവുമോയെന്നത് സംശയമാണ്.

അതുകൊണ്ട് തന്നെ ഇത്തവണ കിരീടം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍, ഇനിയൊരു ലോകകപ്പ് നേടുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും മൂന്ന് പതിപ്പുകളെങ്കിലും ടീമിന് കാത്തിരിക്കേണ്ടി വരും. ഈ ടീമിലെ ഏഴോ എട്ടോ കളിക്കാര്‍ അവരുടെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണുള്ളത്. അവരില്‍ ചിലരുടെ അവസാന ലോകകപ്പ് കൂടിയാവുമിത്.

കളിക്കാരുടെ ഫോമിനൊപ്പം സാഹചര്യങ്ങള്‍ കൂടി നോക്കുകയാണെങ്കില്‍ ഇന്ത്യയ്‌ക്ക് ലോകകപ്പ് നേടാനുള്ള ഏറ്റവും മികച്ച അവസരം ഇതുതന്നെയാണ്. ലോകകപ്പ് നേടാനുള്ള എല്ലാ കരുത്തും ഇന്ത്യയ്‌ക്കുണ്ട്" - രവി ശാസ്‌ത്രി പറഞ്ഞു.

ഇന്ത്യന്‍ ടീമിന്‍റെ നിലവിലെ പേസ് ബോളിങ് യൂണിറ്റ് കഴിഞ്ഞ 50 വര്‍ഷത്തിലെ ഏറ്റവും മികച്ചതാണെന്നും രവി ശാസ്‌ത്രി കൂട്ടിച്ചേര്‍ത്തു. "ഇന്ത്യയുടെ ഇപ്പോഴത്തെ ബോളിങ് യൂണിറ്റ് കഴിഞ്ഞ 50 വര്‍ഷത്തിലെ തന്നെ ഏറ്റവും മികച്ചതാണ്. എന്നാല്‍ അത് ഒരൊറ്റ രാത്രി കൊണ്ട് സംഭവിച്ച കാര്യമല്ല. കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷക്കാലമായി എല്ലാവരും ഒരുമിച്ച് കളിക്കുന്നുണ്ട്.

ALSO READ: ലോക ക്രിക്കറ്റില്‍ ഇന്ത്യ എന്നും കരുത്തര്‍, കാരണം ഐപിഎല്‍ മാത്രമല്ല : സൗരവ് ഗാംഗുലി

മൂന്ന് വര്‍ഷം മുമ്പാണ് മുഹമ്മദ് സിറാജ് ഈ സംഘത്തിലേക്ക് ചേരുന്നത്. സ്ഥിരതയോടെ എവിടെയാണ് പന്തെറിയേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഇന്ത്യന്‍ ബോളര്‍മാര്‍ക്കുണ്ട്. അതുതന്നെയാണ് ഏറെ പ്രധാനപ്പെട്ട കാര്യവും.

ഈ ലോകകപ്പില്‍ അതിനുമാത്രം ഷോട്ട് ബോളുകള്‍ ഇന്ത്യന്‍ പേസര്‍മാര്‍ എറിഞ്ഞിട്ടില്ല. എറിഞ്ഞ ഷോട്ട്‌ ബോളുകള്‍ ഒരു സര്‍പ്രൈസ് വെപ്പണായിരുന്നു. 90 ശതമാനവും സ്റ്റംപിനെ ലക്ഷ്യം വച്ചായിരുന്നു അത്. സീം പൊസിഷനിലെ പ്രത്യേകത എതിര്‍ ബാറ്റര്‍മാരെ പ്രയാസത്തിലാക്കുന്നതാണ്.

ALSO READ: ന്യൂസിലന്‍ഡ് സെമിയില്‍ ഇന്ത്യയുടെ വഴി മുടക്കില്ല ; കാരണം പറഞ്ഞ് ആകാശ് ചോപ്ര

അതുകൊണ്ട് തന്നെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കഴിഞ്ഞ 50 വര്‍ഷത്തെ ഏറ്റവും മികച്ച ബോളിങ് നിരയാണ് ഇപ്പോള്‍ ഇന്ത്യയ്‌ക്കുള്ളത്" - രവി ശാസ്‌ത്രി പറഞ്ഞുനിര്‍ത്തി. അതേസമയം ഏകദിന ലോകകപ്പിന്‍റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളി (India vs New Zealand). കഴിഞ്ഞ ലോകകപ്പിന്‍റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റായിരുന്നു ഇന്ത്യ പുറത്തായത്.

ABOUT THE AUTHOR

...view details