ന്യൂഡല്‍ഹി : ഏകദിന ലോകകപ്പിൽ (Cricket World Cup 2023) നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ (England vs Afghanistan). ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 69 റണ്‍സിനാണ് ഇംഗ്ലണ്ടിനെ അഫ്‌ഗാന്‍ കീഴടക്കിയത്. ലോകകപ്പിന്‍റെ ചരിത്രത്തില്‍ അഫ്‌ഗാനിസ്ഥാന്‍ നേടുന്ന രണ്ടാമത്തെ മാത്രം വിജയമാണിത്.
ഇംഗ്ലണ്ടിനെതിരായ വിജയം അടുത്തിടെയുണ്ടായ ഭൂകമ്പത്തിന്‍റെ ദുരിതം പേറുന്ന സ്വന്തം ജനതയ്‌ക്ക് സമര്‍പ്പിച്ചിരിക്കുകയാണ് അഫ്‌ഗാന്‍ താരങ്ങള്‍ (Rashid Khan and Mujeeb ur Rahman Dedicate win over England in Cricket World Cup 2023 To Afghans). ഇംഗ്ലണ്ടിനെതിരായ വിജയം തങ്ങളുടെ ജനതയില്‍ നേരിയ അശ്വാസം പകരുമെന്ന് അഫ്‌ഗാന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാന്‍ പ്രതികരിച്ചു.
"ഞങ്ങള്‍ക്കിത് വലിയ വിജയമാണ്. ലോകത്തെ ഏതൊരു ടീമിനെയും ഏത് ദിവസത്തിലും തോല്‍പ്പിക്കാന്‍ കഴിയുമെന്ന വലിയ ആത്മവിശ്വാസമാണ് ഇത്തരം പ്രകടനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുന്നത്. ഈ ലോകകപ്പില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി വലിയ ഊര്‍ജമാവുന്ന വിജയമാണിത്. അഫ്‌ഗാന്‍ ജനതയ്‌ക്ക് സന്തോഷം പകരുന്ന കാര്യമാണ് ക്രിക്കറ്റ്.
അതിനാല്‍ തന്നെ ഇംഗ്ലണ്ടിനെതിരായ വിജയം ഏറെ വലുതാണ്. അടുത്തിടെ ഞങ്ങളുടെ നാട്ടില്‍ ഭൂകമ്പമുണ്ടായിരുന്നു. മൂവായിരത്തിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്‌ടമായി. ഒട്ടേറെ വീടുകള്‍ നശിച്ചു. അതിനാല്‍ ഈ ജയം അവരുടെ മുഖത്ത് ചെറിയ പുഞ്ചിരി നല്‍കുകയും ഒരു പക്ഷേ, കഴിഞ്ഞ ദിവസങ്ങളെ നേരിയ രീതിയിലെങ്കിലും മറക്കാനെങ്കിലും ഉപകരിക്കും" - റാഷിദ് ഖാന്‍ (Rashid Khan Dedicates Win over England To Afghans) പറഞ്ഞു.