ദുബായ് :ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയോട് വമ്പന്‍ തോല്‍വി വഴങ്ങിയ പകിസ്ഥാനെതിരെ ആഞ്ഞടിച്ച് മുന്‍ താരം റമീസ് രാജ (Ramiz Raja slams Pakistan). ഇന്ത്യയ്‌ക്കെതിരെ ഒരു പോരാട്ടം പോലും നടത്താനാവാതെയാണ് പാകിസ്ഥാന്‍ (India vs Pakistan) തോല്‍വി വഴങ്ങിയത്. അവസരത്തിനൊത്ത് ഉയരാന്‍ ബാബര്‍ അസമിനും (Babar Azam) സംഘത്തിനും കഴിഞ്ഞില്ലെന്നുമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്ന റമീസ് രാജ (Ramiz Raja) പറയുന്നത്.
ഇന്ത്യയ്‌ക്കെതിരായ തോല്‍വി തീര്‍ച്ചയായും പാക് ടീമിനെ വേദനിപ്പിക്കുമെന്നും റമീസ് രാജ കൂട്ടിച്ചേര്‍ത്തു. 'നിങ്ങൾ ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോൾ, വലിയൊരു ജനക്കൂട്ടവും അതില്‍ 99 ശതമാനം ഇന്ത്യൻ ആരാധകരുള്ള ഒരു അന്തരീക്ഷമാണ് അവിടെ ഉള്ളതെന്നും, വലിയ സമ്മര്‍ദം തന്നെ അനുഭവിച്ചേക്കാം എന്നതുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും ഞാന്‍ മനസിലാക്കുന്നു.
എന്നാൽ, നാലോ അഞ്ചോ വർഷമായി ബാബർ അസം ഈ ടീമിനെ നയിക്കുന്നുണ്ട്. അതിനാല്‍ ടീം അവസരത്തിനൊത്ത് ഉയരേണ്ടതുണ്ടായിരുന്നു. നിങ്ങൾക്ക് വിജയിക്കാൻ കഴിയുന്നില്ലെങ്കിൽ കുറഞ്ഞത്, ഒരു പോരാട്ടമെങ്കിലും കാഴ്‌ച വയ്‌ക്കുക. പാകിസ്ഥാന് അതുപോലും ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ പാകിസ്ഥാനെ ഈ തോല്‍വി തീര്‍ച്ചയായും വേദനിപ്പിക്കും' -റമീസ് രാജ വ്യക്തമാക്കി. ഐസിസി റിവ്യൂവിലാണ് 61-കാരന്‍റെ വാക്കുകള്‍.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഏഴ് വിക്കറ്റുകള്‍ക്കായിരുന്നു രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യയോട് പാകിസ്ഥാന്‍ തോല്‍വി സമ്മതിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പാക് ടീം 42.5 ഓവറില്‍ 191 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു. ഭേദപ്പെട്ട തുടക്കം ലഭിച്ച ടീം മൂന്നിന് 155 എന്ന നിലയില്‍ നിന്നാണ് തകര്‍ന്നടിഞ്ഞത്.