ബെംഗളൂരു: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ന്യൂസിലന്‍ഡിനായി തകര്‍പ്പന്‍ പ്രകടനമാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്ര (Rachin Ravindra) നടത്തുന്നത്. ഇന്ന് ബെംഗളൂരുവില്‍ പാകിസ്ഥാനെതിരെയും (New Zealand vs Pakistan) രചിന്‍ മിന്നി. 94 പന്തുകളില്‍ 15 ബൗണ്ടറികളും ഒരു സിക്‌സും സഹിതം 108 റണ്‍സെടുത്താണ് രചിന്‍ രവീന്ദ്ര തിരിച്ച് കയറിയത്.
ഇതടക്കം ടൂര്‍ണമെന്‍റില്‍ ഇതേവരെ കളിച്ച എട്ട് മത്സരങ്ങളില്‍ നിന്നും ആകെ 523 റണ്‍സാണ് 23-കാരന്‍റെ അക്കൗണ്ടിലുള്ളത്. ഇതോടെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു വമ്പന്‍ റെക്കോഡിന് ഒപ്പമെത്താനും രചിന്‍ രവീന്ദ്രയ്‌ക്ക് കഴിഞ്ഞു (Rachin Ravindra Equals Sachin Tendulkar's All Time Cricket World Cup Record). 25 വയസ് പൂര്‍ത്തിയാവും മുമ്പ് ഏകദിന ലോകകപ്പിന്‍റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന സച്ചിന്‍റെ റെക്കോഡിനൊപ്പമാണ് രചിന്‍ എത്തിയത്.
27 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1996-ലെ ലോകകപ്പിലായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കറുടെ (Sachin Tendulkar) റെക്കോഡ് നേട്ടം. അന്ന് വെറും 22 വയസായിരുന്നു സച്ചിന്‍റെ പ്രായം. ഈ ലോകകപ്പില്‍ ന്യൂസിലന്‍ഡിന് ഇനിയും മത്സരങ്ങള്‍ ശേഷിക്കെ വെറും ഒരു റണ്‍സ് മാത്രം നേടിയാല്‍ പ്രസ്‌തുത റെക്കോഡ് ഒറ്റയ്‌ക്ക് സ്വന്തമാക്കാന്‍ രചിന് കഴിയും.
2019-ലെ ലോകകപ്പില്‍ 474 റണ്‍സ് നേടിയ പാകിസ്ഥാന്‍റെ ബാബര്‍ അസം, 2007-ലെ ലോകകപ്പില്‍ 372 റണ്‍സ് നേടിയ എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് യഥാക്രമം ഇരുവര്‍ക്കും പിന്നിലുള്ളത്. ടൂര്‍ണമെന്‍റില്‍ നിലവിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തും രചിനുണ്ട്. ഏഴ് മത്സരങ്ങളില്‍ നിന്നും 545 റണ്‍സടിച്ച ദക്ഷിണാഫ്രിക്കയുടെ ക്വന്‍റന്‍ ഡി കോക്കാണ് ഒന്നാം സ്ഥാനത്ത്.