മുംബൈ: ഏകദിന ലോകകപ്പ് (Cricket World Cup 2023) ഏറെക്കുറെ സെമി ഫൈനലിനോട് അടുത്തിരിക്കുകയാണ്. കളിച്ച എട്ട് മത്സരങ്ങളും വിജയിച്ച രോഹിത് ശര്‍മയുടെ (Rohit Sharma) ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി തന്നെ സെമി ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞു. എട്ട് മത്സരങ്ങളില്‍ ആറെണ്ണം വീതം വിജയിച്ച് രണ്ടും മൂന്നും സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമാണ് സെമി ബെര്‍ത്തുറപ്പിച്ച മറ്റ് ടീമുകള്‍. അവസാന നാലില്‍ ബാക്കിയുള്ള ഒരു സ്ഥാനത്തിനായി ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍ ടീമുകള്‍ തമ്മിലാണ് പ്രധാന മത്സരം.
കളിച്ച എട്ട് മത്സരങ്ങളില്‍ നാല് വീതം വിജയം നേടിയ ഈ ടീമുകള്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ നാല് മുതല്‍ ആറ് വരെ സ്ഥാനത്താണുള്ളത്. ഇനി ഈ ലോകകപ്പില്‍ ഒരു ഇന്ത്യ-പാകിസ്ഥാന്‍ സെമി ഫൈനല്‍ മത്സരമുണ്ടാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിനുള്ള സാധ്യതകള്‍ പരിശോധിക്കാം (Possibility of India vs Pakistan Semi-Final in Cricket World Cup 2023).
തുല്യപോയിന്‍റുകളാണെങ്കിലും നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് ന്യൂസിലന്‍ഡ് നാലാം സ്ഥാനം സ്വന്തമാക്കിയത്. +0.398 ആണ് കിവികളുടെ നെറ്റ് റണ്‍റേറ്റ്. അഞ്ചാമതുള്ള പാകിസ്ഥാന് +0.36 നെറ്റ് റണ്‍റേറ്റുള്ളപ്പോള്‍ താഴെയുള്ള അഫ്‌ഗാന്‍റെ നെറ്റ് റണ്‍റേറ്റ് -0.338 ആണ്. ഇതോടെ അവസാന നാലിലേക്ക് കടക്കാന്‍ മൂന്ന് ടീമുകള്‍ക്കും തങ്ങളുടെ അവസാന മത്സരത്തില്‍ വിജയം നേടേണ്ടതുണ്ട്. ഇതോടൊപ്പം റണ്‍ റേറ്റും പ്രധാനമാണ്.
നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ കൊല്‍ക്കത്തയിലാണ് പാകിസ്ഥാന്‍റെ അവസാന മത്സരം. ഇതു മികച്ച രീതിയില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ തുടര്‍ന്ന് നടക്കുന്ന ന്യൂസിലന്‍ഡ്-ശ്രീലങ്ക, ദക്ഷിണാഫ്രിക്ക- അഫ്‌ഗാന്‍ മത്സരങ്ങളുടെ ഫലമാവും പാകിസ്ഥാന്‍റെ മുന്നേറ്റം നിശ്ചയിക്കുക. അഫ്‌ഗാന്‍റെ മൈനസ് നെറ്റ് റണ്‍ റേറ്റും അവസാന മത്സരത്തില്‍ അവര്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്നു എന്നതും പാകിസ്ഥാന് പ്രതീക്ഷ നല്‍കുന്നതാണ്.