ചെന്നൈ:ഏകദിന ലോകകപ്പിലെ (Cricket World Cup 2023) ജീവന്‍ മരണപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഭേദപ്പെട്ട സ്‌കോര്‍ നേടി പാകിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്‌ത പാക് ടീം 46.4 ഓവറില്‍ 270 റണ്‍സിന് ഓള്‍ഔട്ടായി. തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്‌ടപ്പെട്ട പാകിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസം (65 പന്തില്‍ 50), സൗദ് ഷക്കീല്‍ (52 പന്തില്‍ 52), ഷദാബ് ഖാന്‍ (36 പന്തില്‍ 43) എന്നിവരുടെ ഇന്നിങ്‌സുകള്‍ നിര്‍ണായകമായി.
പ്രോട്ടീസിനായി തബ്രിസ് ഷംസി നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. മാര്‍ക്കോ ജാന്‍സന് മൂന്ന് വിക്കറ്റുണ്ട്. സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സ് മാത്രമുള്ളപ്പോള്‍ പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്‌ടമായി. അബ്ദുള്ള ഷഫീഖിനെ (17 പന്തില്‍ 9) മാര്‍ക്കോ ജാന്‍സന്‍റെ പന്തില്‍ ലുങ്കി എൻഗിഡി പിടികൂടുകയായിരുന്നു.
തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ബാബര്‍ അസമിനൊപ്പം ഇന്നിങ്‌സ് മുന്നോട്ട് നയിക്കുകയായിരുന്ന മറ്റൊരു ഓപ്പണറായ ഇമാം ഉൾ ഹഖിനേയും (18 പന്തില്‍ 12) മാര്‍ക്കോ ജാന്‍സന്‍ മടക്കി. പിന്നീട് ഒന്നിച്ച മുഹമ്മദ് റിസ്‌വാന്‍ -ബാബര്‍ സഖ്യം 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റിസ്‌വാനെ വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ കയ്യിലെത്തിച്ച് ജെറാൾഡ് കോറ്റ്‌സിയാണ് പ്രോട്ടീസിന് ബ്രേക്ക് ത്രൂ നല്‍കിയത്.
ഇഫ്തിഖർ അഹമ്മദ് (31 പന്തില്‍ 21) ഏറെ ക്ഷമയോടെ കളിച്ചുവെങ്കിലും തബ്രിസ് ഷംസിയുടെ പന്തില്‍ ഹെൻറിച്ച് ക്ലാസൻ കയ്യിലൊതുക്കി. അധികം വൈകാതെ ബാബറിന്‍റെ ചെറുത്ത് നില്‍പ്പ് ഷംസി അവസാനിപ്പിച്ചതോടെ പാകിസ്ഥാന്‍ 27.5 ഓവറില്‍ അഞ്ചിന് 141 എന്ന നിലയിലേക്ക് വീണു.