ചെന്നൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ത്രില്ലര്‍ മാച്ചില്‍ പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് ഒരു വിക്കറ്റ് ജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 271 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി ബാറ്റേന്തിയ പ്രോട്ടീസ് 47.2 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിലാണ് വിജയലക്ഷ്യത്തില്‍ എത്തിയത്. അവസാന വിക്കറ്റില്‍ കേശവ് മഹാരാജും തബ്രിസ് ഷംസിയും ചേര്‍ന്നാണ് പ്രോട്ടീസിന് ജയം സമ്മാനിച്ചത്. അവസാന വിക്കറ്റിനായി കിണഞ്ഞു പരിശ്രമിച്ച പാകിസ്ഥാനെ നിരാശരാക്കി കേശവ് മഹാരാജിന്‍റെ ബൗണ്ടറിയിലൂടെ ദക്ഷിണാഫ്രിക്ക ലോകകപ്പിലെ വിജയക്കുതിപ്പ് തുടരുകയായിരുന്നു (Pakistan vs South Africa Match Result Cricket World Cup 2023).
മത്സരത്തില്‍ 91 റണ്‍സ് നേടിയ എയ്‌ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 93 പന്തുകളില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് മാര്‍ക്രത്തിന്‍റെ ഇന്നിങ്‌സ്. ലോകകപ്പില്‍ കഴിഞ്ഞ മത്സരങ്ങളില്‍ എല്ലാം തിളങ്ങിയ എയ്‌ഡന്‍ മാര്‍ക്രം തന്‍റെ മിന്നും ഫോം ഇക്കളിയിലും ആവര്‍ത്തിച്ചു. മാര്‍ക്രം മാത്രമാണ് അര്‍ധസെഞ്ച്വറി നേടിയതെങ്കിലും മറ്റുളള പ്രധാന ബാറ്റര്‍മാരെല്ലാം രണ്ടക്കം കടന്ന് പ്രോട്ടീസ് സ്‌കോറിലേക്ക് സംഭാവനകള്‍ നല്‍കി.
നായകന്‍ ടെംബ ബാവുമ(28), ക്വിന്‍റണ്‍ ഡികോക്ക്(24), റാസി വാന്‍ഡെര്‍ ദസന്‍(21), ഡേവിഡ് മില്ലര്‍(29), മാര്‍കോ ജാന്‍സണ്‍(20) എന്നിവരാണ് വലിയ സ്‌കോറുകള്‍ കണ്ടെത്താനാകാതെ മടങ്ങിയത്. പാകിസ്ഥാനായി ഷഹീന്‍ ആഫ്രീദി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ മുഹമ്മദ് വസീം ജൂനിയര്‍, ഉസ്‌മ മിര്‍ ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.
അതേസമയം ലോകകപ്പില്‍ ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ നിന്നായി നാലാം തോല്‍വിയാണ് പാകിസ്ഥാന്‍ ഇന്ന് ഏറ്റുവാങ്ങിയത്. ഇന്നത്തെ മത്സരം നിര്‍ണായകമായിരുന്ന പാക് ടീം ബാറ്റിങ്ങിലും ബൗളിങ്ങിലും മോശമല്ലാത്തെ പ്രകടനം കാഴ്‌ചവച്ചാണ് തോറ്റത്.