ചെന്നൈ :ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) അഫ്‌ഗാനിസ്ഥാനെതിരെ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം (Babar Azam) അഫ്‌ഗാനെ ബോളിങ്ങിന് അയയ്‌ക്കുകയായിരുന്നു. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റവുമായാണ് പാകിസ്ഥാന്‍ കളിക്കുന്നത്.
മുഹമ്മദ് നവാസ് പുറത്തായപ്പോള്‍ ഷദാബ് ഖാന്‍ പ്ലേയിങ് ഇലവനില്‍ മടങ്ങിയെത്തി. ശ്രീലങ്കയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ അഫ്‌ഗാനിസ്ഥാനും മാറ്റം വരുത്തിയതായി നായകന്‍ ഹഷ്‌മത്തുള്ള ഷാഹിദി അറിയിച്ചു. ഫസൽഹഖ് ഫാറൂഖി പുറത്തായപ്പോള്‍ നൂർ അഹമ്മദ് ടീമിലെത്തി.
പാകിസ്ഥാന്‍ (പ്ലേയിങ് ഇലവന്‍): അബ്‌ദുല്ല ഷഫീഖ്, ഇമാം ഉല്‍ ഹഖ്, ബാബർ അസം (സി), മുഹമ്മദ് റിസ്‌വാന്‍, സൗദ് ഷക്കീൽ, ഇഫ്‌ത്തിഖര്‍ അഹമ്മദ്, ഷദാബ് ഖാൻ, ഒസാമ മിർ, ഷഹീൻ അഫ്രീദി, ഹസൻ അലി, ഹാരിസ് റൗഫ്.
അഫ്‌ഗാനിസ്ഥാന്‍ (പ്ലേയിങ് ഇലവന്‍): റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്‌മത്തുള്ള ഷാഹിദി(സി), അസ്‌മത്തുള്ള ഒമർസായി, ഇക്രാം അലിഖിൽ, മുഹമ്മദ് നബി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ-ഉൽ-ഹഖ്, നൂർ അഹമ്മദ്.
ഏകദിന ലോകകപ്പിലെ 22-ാമത്തെ മത്സരമാണിത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ടൂര്‍ണമെന്‍റില്‍ തങ്ങളുടെ അഞ്ചാം മത്സരത്തിനാണ് പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും ഇറങ്ങുന്നത്. കളിച്ച നാല് മത്സരങ്ങളില്‍ രണ്ട് വിജയങ്ങളുള്ള പാകിസ്ഥാന്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.
ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയം നേടിയ പാക് ടീം തുടര്‍ന്ന് കളിച്ച രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങുകയായിരുന്നു. ഇതോടെ ചെപ്പോക്കില്‍ അഫ്‌ഗാനെ കീഴടക്കി വിജയ വഴിയിലേക്ക് തിരികെ എത്താനും പാക് ടീം ലക്ഷ്യം വയ്‌ക്കുന്നത്. ഇതോടൊപ്പം സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ തുടര്‍ന്നുള്ള ഓരോ മത്സരവും പാക് ടീമിന് ഏറെ നിര്‍ണായകമാണ്.