ചെന്നൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) അഫ്‌ഗാനിസ്ഥാനെതിരെ പാകിസ്ഥാന് മികച്ച സ്‌കോര്‍ (Pakistan vs Afghanistan Score Updates). ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 282 റണ്‍സ് നേടി. 92 പന്തുകളില്‍ 74 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാകിസ്ഥാന്‍റെ ടോപ് സ്‌കോറര്‍.
75 പന്തില്‍ 58 റണ്‍സെടുത്ത അബ്‌ദുല്ല ഷഫീഖും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഇഫ്‌ത്തിഖര്‍ അഹമ്മദും (26 പന്തില്‍ 40) നിര്‍ണായകമായി. അഫ്‌ഗാനിസ്ഥാനായി നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.
ഓപ്പണര്‍മാരായ അബ്‌ദുല്ല ഷഫീഖും ഇമാം ഉല്‍ ഹഖും ആദ്യ വിക്കറ്റില്‍ 56 റണ്‍സ് നേടിയതോടെ ഭേദപ്പെട്ട തുടക്കമായിരുന്നു പാകിസ്ഥാന് ലഭിച്ചത്. ഇമാം ഉല്‍ ഹഖിനെ (22 പന്തില്‍ 17) 11-ാം ഓവറിന്‍റെ ആദ്യ പന്തില്‍ നവീന്‍ ഉല്‍ ഹഖിന്‍റെ കയ്യിലെത്തിച്ച അസ്‌മത്തുള്ള ഒമർസായിയാണ് അഫ്‌ഗാന് ബ്രേക്ക് ത്രൂ നല്‍കിയത്. ക്യാപ്റ്റന്‍ ബാബര്‍ അസമിനൊപ്പം 54 റണ്‍സ് ചേര്‍ത്ത അബ്‌ദുല്ല ഷഫീഖിനെ നൂര്‍ അഹമ്മദ് വിക്കറ്റിന് മുന്നില്‍ കുടുക്കി. മുഹമ്മദ് റിസ്‌വാന് (10 പന്തില്‍ 8) നൂര്‍ അഹമ്മദ് അല്‍പ്പായുസ് നല്‍കി.
തുടര്‍ന്നെത്തിയ സൗദ് ഷക്കീല്‍ ബാബറിനൊപ്പം പാക് ടോട്ടലിലേക്ക് 43 റണ്‍സ് ചേര്‍ത്തു. മികച്ച രീതിയില്‍ പോവുകയായിരുന്ന ഈ കൂട്ടുകെട്ട് സൗദ് ഷക്കീലിനെ (34 പന്തില്‍ 25) വീഴ്‌ത്തി മുഹമ്മദ് നബിയാണ് പൊളിച്ചത്. പിന്നീടെത്തി ഷദാബ് ഖാനൊപ്പം ഇന്നിങ്‌സ് മുന്നോട്ട് നയിക്കവെ ബാബറും വീണു.