ബെംഗളൂരു: ഏകദിന ലോകകപ്പിനായി (Cricket World Cup 2023) ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ ടീമിനെ വലച്ച് പനി. ലോകകപ്പ് കിരീടമുയര്‍ത്താന്‍ കച്ചകെട്ടിയെത്തിയ പാക് പടയെയാണ് വൈറല്‍ പനി വലച്ചിരിക്കുന്നത്. ടീമിലെ ഭൂരിഭാഗം താരങ്ങളും പകര്‍ച്ച പനിയില്‍ നിന്നും സുഖം പ്രാപിച്ചുവെങ്കിലും ചിലര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്.
കഴിഞ്ഞദിവസം അഹമ്മദാബാദില്‍ വച്ച് നടന്ന ടീം ഇന്ത്യയുമായുള്ള പോരാട്ടത്തില്‍ പാകിസ്ഥാന്‍ ഏഴ് വിക്കറ്റിന്‍റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്നാണ് ഒക്‌ടോബർ 20 വെള്ളിയാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ടീം ബെംഗളൂരുവിലെത്തിയത്. ഈ സമയത്ത് തന്നെയാണ് പാക് താരങ്ങള്‍ പനിയുടെ പിടിയിലാവുന്നതും. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ മീഡിയ മാനേജര്‍ അഹ്‌സന്‍ ഇഫ്‌തിഖര്‍ നാഗി തന്നെയാണ് താരങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് സ്ഥിരീകരിച്ചത്.