ബെംഗളൂരു:അയല്‍ക്കാരായ ഇന്ത്യയുടെ മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് (Cricket World Cup 2023) എത്തുമ്പോള്‍ ഫേവറേറ്റുകളുടെ പട്ടികയില്‍ തലപ്പത്ത് തന്നെയായിരുന്നു പാകിസ്ഥാന്‍റെ (Pakistan Cricket Team) സ്ഥാനം. എന്നാല്‍ നിലവില്‍ ടീമിന്‍റെ സെമിഫൈനല്‍ പ്രതീക്ഷകള്‍ തുലാസിലാണ്. കഴിച്ച ഏഴ് മത്സരങ്ങളില്‍ നലെണ്ണത്തില്‍ തോല്‍വി വഴങ്ങിയ ബാബര്‍ അസമും (Babar Azam) സംഘവും നിലവിലെ പോയിന്‍റ പട്ടികയില്‍ അഞ്ചാമതാണ്.
ഇപ്പോഴിതാ പാകിസ്ഥാന്‍ ടീമിന്‍റെ മോശം പ്രകടനത്തിന്‍റെ കാരണങ്ങളിലൊന്ന് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷാ നടപടികളാണെന്ന് ആരോപിച്ചിരിക്കുകയാണ് അവരുടെ ക്രിക്കറ്റ് ഡയറക്‌ടർ മിക്കി ആർതർ. ഇന്ത്യയിലെ സുരക്ഷ കളിക്കാരെ ശ്വാസം മുട്ടിക്കുന്നതായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത് (Mickey Arthur against Security around Pakistan Cricket Team In Cricket World Cup 2023).
കൊവിഡ് കാലത്തിന് സമാനമായ സാഹചര്യമായിരുന്നു തങ്ങള്‍ നേരിട്ടത്. കളിക്കാര്‍ക്ക് അവരുടെ ഹോട്ടല്‍ മുറികളില്‍ മാത്രം ഒതുങ്ങേണ്ടി വന്നുതോടെ മറ്റുള്ളവരുമായി ഇടപഴകാനായില്ലെന്നും മിക്കി ആര്‍തര്‍ (Mickey Arthur) പറഞ്ഞു. "ഞങ്ങൾ വൻതോതിലുള്ള സുരക്ഷയ്ക്ക് കീഴിലാണ് എന്നുള്ളതാണ് കഠിനമായ കാര്യം.
ന്യായമായി പറഞ്ഞാൽ, എന്നെ സംബന്ധിച്ച് ഇതു വലിയ പ്രയാസം തന്നെയാണ്. റൂമില്‍ മാത്രം ഒതുങ്ങിക്കഴിയേണ്ടി വന്നതോടെ, കൊവിഡിന്‍റെ കഴിഞ്ഞ കാലത്തേക്ക് തിരിച്ചെത്തിയതു പോലെയാണ് എനിക്ക് ഇവിടെ അനുഭവപ്പെട്ടത്. പ്രഭാത ഭക്ഷണം പോലും ഓരോര്‍ത്തര്‍ക്കും പ്രത്യേകം മുറികളിലാണ് നല്‍കിയത്.
മറ്റ് സ്ഥലങ്ങളില്‍ കളിക്കാര്‍ സ്വന്തം ഇഷ്‌ട പ്രകാരം പുറത്തിറങ്ങുന്നത് പതിവാണ്. വിവിധ ഇടങ്ങളില്‍ നിന്നും ഇഷ്‌ടമുള്ള ഭഷണം കഴിക്കാനൊക്കെ അവര്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍ ഇത്തവണ ഞങ്ങൾക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. അക്കാര്യം ഏറെ കഠിനമാണ്.
പരിശീലനമില്ലാത്ത ദിവസമാണെങ്കിൽ, ഭക്ഷണത്തിന് ശേഷം മുറികളിലേക്ക് മടങ്ങുകയാണ് പതിവ്. അവിടെ രസകരമായി ചില കാര്യങ്ങളൊക്കെ ഞങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പുറം ലോകവുമായി ബന്ധപ്പെടുന്നതിന് സമാനമായ ഒരു ഫലമൊന്നും അതു തീര്‍ത്തിട്ടില്ല.
സുരക്ഷയോടെ മൂന്നു പ്രാവശ്യം കളിക്കാര്‍ പുറത്തുപോയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. എനിക്ക് പറയാനുള്ളത് അവരെ മറ്റൊരു റെസ്റ്റോറന്റിൽ എത്തിക്കുക, അവർക്ക് പുറം ലോകത്തിന്‍റെ ഒരു ചെറിയ രുചി നൽകുക എന്നാണ്" മിക്കി ആർതർ പറഞ്ഞു. വ്യത്യസ്ത വേദികളിലേക്കുള്ള യാത്രയും അനുഭവവും പൂർണ്ണഹൃദയത്തോടെ സ്വീകരിക്കാൻ കളിക്കാർ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് ആർതർ കൂട്ടിച്ചേര്‍ത്തു.
ALSO READ:'സീമും സ്വിങ്ങും അധിക തിളക്കവും, ഇന്ത്യൻ ബൗളർമാർക്ക് നല്‍കുന്ന പന്തുകളെ കുറിച്ച് അന്വേഷിക്കണം': മുൻ പാക് താരം
ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ നാളെ ന്യൂസിലന്‍ഡിന് എതിരെ ഇറങ്ങാനിരിക്കെ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മിക്കി ആർതറുടെ വാക്കുകള്‍. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാവിലെ 10.30 മുതല്‍ക്കാണ് പാകിസ്ഥാന്‍- ന്യൂസിലന്‍ഡ് (Pakistan vs New Zealand) മത്സരം നടക്കുക. സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തുന്നതിനായി ഇരു ടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമാണ് ബെംഗളൂരുവിലെ മത്സരം.