ബെംഗളൂരു :ഏകദിന ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ന്യൂസിലാന്‍ഡിനെതിരെ ശ്രീലങ്കയ്‌ക്ക് ദാരുണമായ ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനയയ്‌ക്കപ്പെട്ട ശ്രീലങ്ക, പവര്‍പ്ലേയില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചുവെങ്കിലും തുടര്‍ന്ന് ചീട്ടുകൊട്ടാരം പോലെ വീണുടയുകയായിരുന്നു. ഇതോടെ വലിയ പ്രതീക്ഷകളുമായി പാഡ് കെട്ടിയിറങ്ങിയ ശ്രീലങ്ക 47 ഓവറുകളില്‍ വിക്കറ്റുകളെല്ലാം നഷ്‌ടപ്പെട്ട് 171 റണ്‍സിന് ഒതുങ്ങുകയായിരുന്നു.
സെമിയിലേക്കുള്ള സാധ്യതകളുടെ വാതില്‍ കൂടിയായ മത്സരത്തിലാണ് ശ്രീലങ്കയ്‌ക്ക് താളം കണ്ടെത്താനാവാതെ പോയത്. കുസാല്‍ പെരേര (28 പന്തില്‍ 51 റണ്‍സ്) നേടിയത് ഒഴിവാക്കിയാല്‍, റണ്‍സ് കണ്ടെത്തുന്നതില്‍ ലങ്കന്‍ ബാറ്റര്‍മാര്‍ വിയര്‍ക്കുകയായിരുന്നു. ഇതോടെ സാമാന്യം ഉറപ്പുള്ള കരുത്തുറ്റ ബാറ്റിങ് നിരയുമായി സെമി സ്വപ്‌നങ്ങളുമായിറങ്ങുന്ന ന്യൂസിലാന്‍ഡിന് സാധ്യതകളുമേറി.
വിജയിച്ച് മടങ്ങാനെത്തി ശ്രീലങ്ക :സെമി സാധ്യതകളുടെ നിഴലില്‍ പോലും ഇല്ലാത്തതിനാല്‍, അവസാന മത്സരം വിജയിച്ച് സന്തോഷത്തോടെ മടങ്ങാനായിരുന്നു ശ്രീലങ്ക ബാറ്റിങ്ങിനിറങ്ങിയത്. അതുകൊണ്ടുതന്നെ സമ്മര്‍ദങ്ങളില്ലാതെ ആസ്വദിച്ച് ബാറ്റ് വീശുകയായിരുന്നു ലങ്കന്‍ ലക്ഷ്യം. ഇതിനായി ഓപ്പണര്‍മാരായ പതും നിസങ്കയും കുസാല്‍ പെരേരയും ക്രീസിലെത്തി. എന്നാല്‍ രണ്ടാമത്തെ ഓവറിലെ അവസാന പന്തില്‍ നിസങ്കയെ മടക്കിയയച്ച് ടിം സൗത്തി ലങ്കയുടെ ആസ്വാദനത്തിന് വിള്ളലേല്‍പ്പിച്ചു.
തൊട്ടുപിന്നാലെ ലങ്കന്‍ നായകന്‍ കുസാല്‍ മെന്‍ഡിസ് ക്രീസിലെത്തി. എന്നാല്‍ ഏഴ് പന്തുകള്‍ മാത്രം നേരിട്ട് ട്രെന്‍ഡ് ബോള്‍ട്ടിന്‍റെ കൈകള്‍ കൊണ്ട് മെന്‍ഡിസിന്‍റെ (6) കഥയും കഴിഞ്ഞു. പിറകെ സദീര സമരവിക്രമ (1) എത്തിയെങ്കിലും വന്നയുടനെ തന്നെ മടങ്ങി. ഈ സമയത്ത് സ്‌കോര്‍ബോര്‍ഡില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 32 റണ്‍സ് മാത്രമെന്ന് കാണാമായിരുന്നു.
കുസാലിന്‍റെ ചെറുത്തുനില്‍പ്പ് :എന്നാല്‍ ബാറ്റര്‍മാരുടെ ഈ പോക്കുവരവുകള്‍ക്കിടയിലും കുസാല്‍ പെരേര ലങ്കയ്‌ക്കായി കരുത്തോടെ ബാറ്റുവീശി. കുസാല്‍ പെരേരയ്‌ക്ക് പിന്തുണ നല്‍കാനെത്തിയ ചരിത് അസലങ്കയെ (8) ട്രെന്‍ഡ് ബോള്‍ട്ട് ലെഗ് ബൈ വിക്കറ്റില്‍ കുരുക്കിയതോടെ ലങ്കന്‍ ക്യാമ്പില്‍ വിജയ പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങിയിരുന്നു. രണ്ട് ഓവറുകള്‍ക്കിപ്പുറം ലോക്കി ഫെര്‍ഗൂസന്‍റെ പന്തില്‍ മിച്ചല്‍ സാന്‍റ്‌നറുടെ കൈകളിലൊതുങ്ങി കുസാല്‍ പെരേരയ്‌ക്കും മടങ്ങേണ്ടതായി വന്നു. എന്നാല്‍ ഇതിനിടെ നേരിട്ട 28 പന്തില്‍ രണ്ട് സിക്‌സറുകളും ഒമ്പത് ബൗണ്ടറികളുമുള്‍പ്പടെ അര്‍ധസെഞ്ചുറി തികച്ചായിരുന്നു കുസാല്‍ പെരേരയുടെ മടക്കം.
പിറകെയെത്തിയ ഏഞ്ചെലോ മാത്യൂസിനും (16) ദനഞ്ജയ ഡി സില്‍വയ്‌ക്കും (19) ചമിക കരുണരത്നയ്‌ക്കും (9) കുസാല്‍ പെരേര അവസാനിപ്പിച്ച് പോയ ബാറ്റിങ് ഊര്‍ജം ഏറ്റുപിടിക്കാനായില്ല. തുടര്‍ന്നെത്തിയ മഹീഷ് തീക്ഷണയുടെ (91 പന്തില്‍ 38 റണ്‍സ്) കരുതലോടെയുള്ള ബാറ്റിങ്ങാണ് ശ്രീലങ്കയെ കുഞ്ഞനെങ്കിലും മോശമല്ലാത്ത സ്‌കോറിലേക്ക് എത്തിച്ചത്. ദുഷ്‌മന്ത ചമീര (1), ദില്‍ഷന്‍ മധുശങ്ക (19) എന്നിവരാണ് മറ്റ് ശ്രീലങ്കന്‍ ബാറ്റര്‍മാര്‍.
അതേസമയം ന്യൂസിലാന്‍ഡിനായി ട്രെന്‍ഡ് ബോള്‍ട്ട് മൂന്നും ലോക്കി ഫെര്‍ഗൂസന്‍, മിച്ചല്‍ സാന്‍റ്‌നര്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്‌ത്തി. ടിം സൗത്തി ഒരു വിക്കറ്റും നേടി.