പൂനെ :ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് ബാറ്റിങ്. ടോസ് നേടിയ കിവീസ് നായകന്‍ ടോം ലാഥം ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു (New Zealand vs South Africa Toss Report). ഓസ്‌ട്രേലിയയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്.
ലോക്കി ഫെര്‍ഗൂസണ്‍ പുറത്തായപ്പോള്‍ ടിം സൗത്തി പ്ലേയിങ് ഇലവനിലെത്തി. പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തിയിട്ടുണ്ട്. കാഗിസോ റബാഡ ടീമിലെത്തിയപ്പോള്‍ തബ്രൈസ് ഷംസിയാണ് പുറത്തായത്.
ന്യൂസിലൻഡ് (പ്ലേയിങ് ഇലവൻ): ഡെവോൺ കോൺവേ, വിൽ യങ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ലാഥം (സി), ഗ്ലെൻ ഫിലിപ്‌സ്, ജെയിംസ് നീഷാം, മിച്ചൽ സാന്‍റ്‌നർ, മാറ്റ് ഹെൻറി, ടിം സൗത്തി, ട്രെന്‍റ് ബോൾട്ട്.
ദക്ഷിണാഫ്രിക്ക (പ്ലേയിങ് ഇലവൻ): ക്വിന്‍റൺ ഡി കോക്ക്, ടെംബ ബവുമ (സി), റാസി വാൻ ഡെർ ഡസ്സെൻ, എയ്‌ഡൻ മാർക്രം, ഹെൻറിച്ച് ക്ലാസെൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസൻ, ജെറാൾഡ് കോറ്റ്‌സി, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി.
പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ലോകകപ്പില്‍ തങ്ങളുടെ ഏഴാമത്തെ മത്സരത്തിനാണ് ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും ഇറങ്ങുന്നത്. കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചെണ്ണം വിജയിച്ച ദക്ഷിണാഫ്രിക്ക നിലവിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണ്. ടൂര്‍ണമെന്‍റില്‍ തകര്‍പ്പന്‍ ഫോമിലുള്ള പ്രോട്ടീസ് മൂന്നാം മത്സരത്തില്‍ നെതർലൻഡ്‌സിനോടായിരുന്നു അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്.
എന്നാല്‍ തുടര്‍ന്ന് കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച ടീം കൂടുതല്‍ അപകടകാരികളായി. ആറ് മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റുള്ള ഇന്ത്യയാണ് നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. എന്നാല്‍ ഇന്ത്യയേക്കാള്‍ മികച്ച റണ്‍റേറ്റാണ് പ്രോട്ടീസിനുള്ളത്. ഇതോടെ പൂനെയില്‍ കളി പിടിച്ചാല്‍ പ്രോട്ടീസിന് വീണ്ടും പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് എത്താം.