മുംബൈ : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) അഫ്‌ഗാനിസ്ഥാനെതിരെ തോല്‍വിയുടെ അറ്റത്തുനിന്നാണ് ഓസ്‌ട്രേലിയ വിജയം നേടിയത്. അഫ്‌ഗാന്‍ ഉയര്‍ത്തിയ 292 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ഒരു ഘട്ടത്തില്‍ ഏഴിന് 91 എന്ന ദയനീയ അവസ്ഥയിലായിരുന്നു. തുടര്‍ന്ന് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ കൂട്ടുപിടിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍ നടത്തിയ പോരാട്ടമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
പരിക്കിനോട് പൊരുതിക്കൂടിയായിരുന്നു മാക്‌സി കളത്തില്‍ നിന്നത്. ഒടുവില്‍ 128 പന്തില്‍ പുറത്താവാതെ 201 റണ്‍സ് അടിച്ച് കൂട്ടിയാണ് താരം ടീമിന്‍റെ വിജയം ഉറപ്പിച്ചത്. 10 സിക്‌സറുകളും 21 ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു മാക്‌സിയുടെ മാരക പ്രകടനം. തന്‍റെ ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്നതില്‍ അഫ്‌ഗാന്‍ താരങ്ങളുടെ കൈ സഹായവും ഓസീസ് ഓള്‍റൗണ്ടര്‍ക്ക് ലഭിച്ചിരുന്നു.
മാക്‌സ്‌വെല്ലിന്‍റെ രണ്ട് ക്യാച്ചുകളാണ് അഫ്ഗാനിസ്ഥാന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്. ഇതില്‍ മുജീബ് ഉര്‍ റഹ്‌മാന്‍ പാഴാക്കിയത് സുവര്‍ണാവസരം തന്നെയായിരുന്നു (Mujeeb Ur Rahaman dropped Glenn Maxwell easy catch In Australia vs Afghanistan Cricket World Cup 2023). നൂര്‍ അഹമ്മദ് എറിഞ്ഞ 22-ാം ഓവറിന്‍റെ അഞ്ചാം പന്തിലാണ് മാക്‌സിയുടെ അനായാസ ക്യാച്ച് മുജീബ് ഉര്‍ റഹ്‌മാന്‍ നിലത്തിട്ടത്.
നൂര്‍ അഹമ്മദിനെതിരെ സ്വീപ്പ് ഷോട്ടിനുള്ള ഓസീസ് താരത്തിന്‍റെ ശ്രമം പാളി. വായുവിലേക്ക് ഉയര്‍ന്ന പന്ത് നേരെ എത്തിയത് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ നിലയുറപ്പിച്ചിരുന്ന മുജീബിന്‍റെ കയ്യിലേക്കാണ്. എന്നാല്‍ അവസരം മുതലെടുക്കാന്‍ താരത്തിന് കഴിഞ്ഞില്ല. ഈ സമയം വെറും 33 റണ്‍സായിരുന്നു മാക്‌സിയുടെ വ്യക്തിഗത സ്‌കോര്‍. പിന്നീട് കളം നിറഞ്ഞ ഗ്ലെന്‍ മാക്‌സ്‌വെല്‍ അഫ്‌ഗാന്‍റെ സകല മോഹങ്ങളും തല്ലിക്കെടുത്തുകയായിരുന്നു.